തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുകളെ ചൊല്ലി നഗരസഭയും ഗതാഗത വകുപ്പും തമ്മിലുള്ള പോര് മുറുകുന്നു. 2023-ലെ കരാർ വ്യവസ്ഥകൾ കെ.എസ്.ആർ.ടി.സി ലംഘിക്കുകയാണെന്ന മേയർ വി.വി.രാജേഷിന്റെ ആരോപണത്തിന്, കടുത്ത ഭാഷയിലാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മറുപടി നൽകിയത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ 2023-ൽ ഒപ്പിട്ട കരാർ പൂർണ്ണമായും നടപ്പിലാക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. തിരക്കേറിയ സമയങ്ങളിൽ (Peak Hours) ബസുകൾ നഗരപരിധിയിൽ തന്നെ സർവീസ് നടത്തണമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്ന് മേയർ ചൂണ്ടിക്കാട്ടി. കൂടാതെ, വരുമാനം പങ്കുവയ്ക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടതായി ആരോപണമുണ്ട്. ബസുകൾ പാർക്ക് ചെയ്യാൻ നഗരസഭയ്ക്ക് സ്വന്തമായി സ്ഥലമുണ്ടെന്നും എന്നാൽ നിലവിൽ അത്തരം കടുത്ത നടപടികളിലേക്ക് കടക്കുന്നില്ലെന്നും മേയർ മന്ത്രിക്ക് മറുപടിയായി പറഞ്ഞു.
സിറ്റി ബസുകൾ നഗരത്തിന് പുറത്ത് ഓടുന്നു എന്ന മേയറുടെ ആരോപണം മന്ത്രി ഗണേഷ് കുമാർ തള്ളി. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കാര്യങ്ങൾ പഠിക്കാതെ സംസാരിക്കരുതെന്നും മന്ത്രി പരിഹസിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ലഭിച്ച 113 ബസുകളും മേയർ രേഖാമൂലം ആവശ്യപ്പെട്ടാൽ നഗരസഭയ്ക്ക് വിട്ടുനൽകാൻ തയ്യാറാണെന്ന് മന്ത്രി വെല്ലുവിളിച്ചു. ഈ ബസുകൾ വിട്ടുനൽകിയാൽ പകരം 150 ബസുകൾ സ്വന്തമായി ഇറക്കാൻ കെ.എസ്.ആർ.ടി.സിക്ക് ശേഷിയുണ്ടെന്നും, "ലോഹ്യമായിട്ടാണെങ്കിൽ ലോഹ്യമായി നിൽക്കും" എന്നും മന്ത്രി വ്യക്തമാക്കി.