സ്വർണ്ണപ്പാളി വിവാദത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അവാസ്തവമാണെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. തന്നെ വ്യക്തിഹത്യ ചെയ്യാനായി ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളെ പരിഹസിച്ച കടകംപള്ളി, തെളിവ് ഹാജരാക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.
ശബരിമലയിലെ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെടുത്തി ഉയർന്ന വിവാദങ്ങളിൽ കടകംപള്ളിയെ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്താൽ താൻ ആർക്കും വീട് വച്ചുനൽകിയിട്ടില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. അത്തരത്തിൽ ആർക്കെങ്കിലും വീട് നിർമ്മിച്ചു നൽകിയിട്ടുണ്ടെങ്കിൽ അത് തെളിയിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസമാണ് കടകംപള്ളി സുരേന്ദ്രൻ ഉയർത്തിയത്. വലിയ ആരോപണങ്ങൾ ഉന്നയിച്ചതല്ലാതെ, അത് ശരിവെക്കുന്ന ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.