TOPICS COVERED

രാജ്യാന്തര തപാല്‍ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ മുതല്‍ പഴയ ചില സേവനങ്ങള്‍ നിര്‍ത്തലാക്കും. ട്രാക്കിങ് സൗകര്യമില്ലാത്തതും വേഗം തീര്‍ത്തും കുറഞ്ഞതുമായ സേവനങ്ങളാണ് അവസാനിപ്പിക്കുന്നത്. വിദേശത്തേക്കുള്ള റജിസ്റ്റേഡ് സ്മോള്‍ പാക്കറ്റ് സര്‍വീസ്, ഔട്‌വേഡ് സ്മോള്‍ പാക്കറ്റ് സര്‍വീസ്, സര്‍ഫസ് ലെറ്റര്‍ മെയില്‍ സര്‍വീസ്, സര്‍ഫസ് എയര്‍ ലിഫ്റ്റഡ് ലെറ്റര്‍ മെയില്‍ സര്‍വീസ്, തുടങ്ങിയവയാണ് നിര്‍ത്തലാക്കുന്നത്. 

കുപ്പിക്ക് ഇനി ഇരുപത്

സംസ്ഥാനത്തെ എല്ലാ ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പാക്കും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം, വാങ്ങുമ്പോള്‍ 20രൂപ ഡിപ്പോസിറ്റായി അധികം വാങ്ങും. കാലിക്കുപ്പി സംസ്ഥാനത്തെ ഏതു മദ്യക്കടയിലും തിരിച്ചേല്‍പ്പിക്കാം. 20രൂപ തിരികെ ലഭിക്കും. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതം ബവ്കോ ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനത്താകെയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്. 

ആധാര്‍: സമയപരിധി ഇന്നുതീരും

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വീഴ്ചവരുത്തിയാല്‍ നാളെ മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും എന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ബാങ്കിങ്

ഇടപാടുകളെ അടക്കം ഇത് ബാധിക്കും. സമയപരിധിക്കു ശേഷം ആധാറും പാനും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴയൊടുക്കേണ്ടിവരും. 2024 ഒക്ടോബര്‍ ഒന്നിനു ശേഷം പാന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് പിഴയില്‍ ഇളവുണ്ട്. ആദായനികുതി വകുപ്പിന്‍റെ ഇ ഫയലിങ് പോര്‍ട്ടല്‍ വഴി ആധാറും പാനും ബന്ധിപ്പിക്കാവുന്നതാണ്.

ട്രെയിന്‍ സമയത്തില്‍ മാറ്റം

നാളെ മുതൽ റെയിൽവേ പുതിയ സമയക്രമം നിലവിൽ വരും. ചില പ്രധാന സർവീസുകളുടെ സമയക്രമത്തിൽ വ്യത്യാസമുണ്ട്.  െബംഗളൂരു- എറണാകുളം ഇൻറർ സിറ്റി വൈകിട്ട് 4. 55 നു പകരം 5.05 ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം-സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് എറണാകുളത്ത് 30 മിനിറ്റ് നേരത്തെ എത്തും. ചെങ്കോട്ട വഴിയുള്ള കൊല്ലം -ചെന്നൈ എക്സ്പ്രസ് ഒന്നരമണിക്കൂർ നേരത്തെ ചെന്നൈയിലെത്തും. ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തെ എറണാകുളം ടൗണിലെത്തും. 

വൈഷ്ണോദേവി കട്ര–കന്യാകുമാരി ഹിമസാഗര്‍ വീക്‌ലി എക്സ്പ്രസ് രാത്രി 8.25നുപകരം 7.25ന് തിരുവനന്തപുരത്തെത്തും. മറ്റു സ്റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ട്. ചെന്നൈ ഗുരുവായൂര്‍ എക്സ്പ്രസ് രാവിലെ 10.20നു പകരം 10.40ന് ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടും. 

ENGLISH SUMMARY:

Kerala News Roundup covers important updates. This includes changes to international postal services, the pan aadhaar link deadline, train timetable revisions, and the implementation of a plastic bottle deposit scheme at Bevco outlets.