bar

TOPICS COVERED

സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ നിന്ന് എക്സൈസ് ഉന്നത ഉദ്യോഗസ്ഥരടക്കം മാസപ്പടിയും കൈക്കൂലിയും വാങ്ങുന്നതായി വിജിലന്‍സ് കണ്ടെത്തല്‍. അനധികൃത മദ്യവില്‍പ്പനയ്ക്കും അളിവില്‍ കൃത്രിമം കാണിക്കാനുമുള്ള ഒത്താശയ്ക്കാണ് കൈക്കൂലി വാങ്ങുന്നതെന്നും വിജിലന്‍സിന്‍റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. കര്‍ശന നടപടിക്ക് നിര്‍ദേശിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു.

സംസ്ഥാനത്തെ എക്സൈസ് ഉദ്യോഗസ്ഥരും ബാറുടമകളും തമ്മില്‍ അഴിമതിക്കൂട്ടെന്ന നിര്‍ണായക കണ്ടെത്തലാണ് വിജിലന്‍സ് മുന്നോട്ട് വെക്കുന്നത്. അനധികൃത മദ്യവില്‍പ്പനയും അതിനെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായുമുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു 66 ബാര്‍ ഹോട്ടലുകളിലും എക്സൈസ് ഓഫീസുകളുലും ഓപ്പറേഷന്‍ ബാര്‍ കോഡ് എന്ന പേരിലെ മിന്നല്‍ പരിശോധന. ആലപ്പുഴയിലെ ഒരു ബാറില്‍ നിന്ന് കണ്ടെടുത്തത് കൈക്കൂലി കണക്കിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ള ഡയറി. ഡെപ്യൂട്ടി കമ്മീഷണര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് 3 56000 രൂപ മാസപ്പടി കൊടുത്തതിന്‍റെ വിവരങ്ങളാണ് ഡയറിയിലുള്ളത്. കല്‍പ്പറ്റ എക്സൈസ് ഓഫീസിലെ ജീവനക്കാരന്‍റെ അക്കൗണ്ടില്‍ സംശയകരമായ സാഹചര്യത്തില്‍ 3 51000 രൂപ കണ്ടതും മാസപ്പടിയെന്ന് കരുതുന്നു. നിലമ്പൂരിലെ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ 5 കുപ്പി മദ്യം കണ്ടെത്തി. ബാറില്‍ സൂക്ഷിക്കേണ്ട ഇന്‍സ്പെക്ഷന്‍ ബുക്ക് കൊല്ലത്ത് കണ്ടെത്തിയ എക്സൈസ് ഓഫീസില്‍. ബാറില്‍ പോയി പരിശോധിക്കാതെ പരിശോധന നടത്തിയെന്ന വ്യാജവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതി സൂക്ഷിച്ചെന്ന് വ്യക്തം. തൃശൂരിലും ഇത്തരം കള്ളപ്പരിശോധന കയ്യോടെ പിടിച്ചു. പരിശോധന നടത്തിയതായി ബുക്കിലെഴുതിയിരിക്കുന്ന ദിവസം ഉദ്യോഗസ്ഥര്‍ ബാറിലെത്തിയിട്ടില്ലെന്ന് സി.സി.ടി.വി സാക്ഷ്യപ്പെടുത്തി. പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് ദിവസം പോലും മദ്യവില്‍പ്പന നടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും കണ്ടെത്തി. കൈക്കൂലി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് വിജിലന്‍സ് തീരുമാനം.

ENGLISH SUMMARY:

Excise bribery in Kerala is uncovered following a Vigilance raid on bars and excise offices, revealing widespread corruption. Officials are accused of accepting bribes to facilitate illegal liquor sales and manipulate stock, prompting calls for strict action.