ഇലക്ട്രിക് ബസിനെ ചൊല്ലി തിരുവനന്തപുരം കോര്‍പറേഷന്‍– കെഎസ്ആര്‍ടിസി പോര് രൂക്ഷമാകുന്നു. സ്മാര്‍ട്ട് സിറ്റി ഇ–ബസുകള്‍ തലസ്ഥാനത്തിന് പുറത്തേക്ക് അനുവദിക്കില്ലെന്ന് മേയര്‍ വി.വി.രാജേഷ് വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും സജീവമാകുന്നത്. എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് ബസ് ഓടിക്കുന്നതെന്നും നഷ്ടത്തില്‍ ഓടിക്കാനാവില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.
മേയറായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്ട്സിറ്റിക്കായി കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തന്നെ സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കിയത്. സിറ്റിയില്‍ ഇ–ബസ് സര്‍വീസ് നടത്തുകയും തുച്ഛമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും കെഎസ്ആര്‍ടിസിക്ക് കോര്‍പറേഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ കരാര്‍ മറികടന്ന് കെഎസ്ആര്‍ടിസി മറ്റ് സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുകയായിരുന്നു. ലാഭകരമായത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടര്‍ന്ന് പോരുന്നത്. എന്നാല്‍ നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതിനാണ് ഇ–ബസ് ഓടിക്കുന്നതെന്നും അതാണ് പദ്ധതിയുടെ ലക്ഷ്യമെന്നുമാണ് കോര്‍പറേഷന്‍റെ വാദം.