ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. 39 കാരനായ തിരുപ്പതി ഗണേഷ് ഗൗഡ ആണ് മരിച്ചത്. എട്ടുപേര്‍ക്ക് പരുക്കേറ്റു. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയിലാണ് അപകടം. ആന്ധ്രയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
രാത്രി 12:30 യോട് കൂടിയാണ് അപകടം ഉണ്ടായത്. മിനി വാനിലായിരുന്നു തീർഥാടക സംഘം സഞ്ചരിച്ചത്. കുറ്റാലത്ത് പോയി തിരിച്ചു വരുന്ന വഴിയാണ് ഈ അപകടം ഉണ്ടായത്. കുട്ടികൾ അടക്കം വാഹനത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് നിഗമനം. ഇട്ടിയപ്പാറയിൽ വച്ച് വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കടയുടെ ഷട്ടർ അടക്കം തകർന്നു. വാഹനത്തിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഗണേഷ് ഗൗഡ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. നാലു പേരെ കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറു പേർക്ക് പരുക്കുണ്ട്. ഇവരുടെ നില ഗുരുതരമല്ല.