ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ.വിജയകുമാർ ജനുവരി 12 വരെ റിമാന്‍ഡില്‍. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ജയകുമാറിന്റെ അറസ്റ്റ്. സമ്മർദം താങ്ങാൻ ആവുന്നില്ലെന്ന് കുടുംബാംഗങ്ങളെ അറിയിച്ച ശേഷം മുൻകൂർ ജാമ്യഹർജി പിൻവലിച്ച് അഭിഭാഷകനൊപ്പം എസ്.ഐ.ടിക്ക് മുന്നിൽ വിജയകുമാർ കീഴടങ്ങുകയായിരുന്നു.

സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ബോർഡിനാകെയെന്ന് പത്മകുമാർ. അംഗങ്ങളും അറിഞ്ഞാണ് 2019 ൽ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ അനുമതി നൽകിയതെന്നും മൊഴി. വിജയകുമാറിൻ്റെയും ശങ്കരദാസിൻ്റെയും അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതി സിംഗിൾ ബഞ്ചും സംശയം പ്രകടിപ്പിച്ചതോടെ എസ്.ഐ.ടിക്ക് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നു. ഇരുവരെയും മൂന്നാംവട്ടം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മുൻകൂർ ജാമ്യഹർജിയും ആരോഗ്യ പ്രശ്നങ്ങളും പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല. 

കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളാൻ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിച്ച് അഭിഭാഷകനൊപ്പം വിജയകുമാർ എസ്. ഐ.ടിക്ക് മുന്നിൽ കീഴടങ്ങിയത്. എസ്.പി ശശിധരൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിന് ശേഷം വിജയകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രസിഡൻ്റും ഉദ്യോഗസ്ഥരും അറിഞ്ഞുള്ള ഇടപാടാണെന്നും തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും വിജയകുമാർ ആവർത്തിച്ചു. ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ വിജയകുമാറിനെ റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിന് ഒപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. രേഖകളിൽ ക്രിത്രിമം നടത്തിയെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചെന്നും എസ്. ഐ.ടി. സി.പി.എം തിരുവല്ലം ലോക്കൽ കമ്മിറ്റി അംഗമായ വിജയകുമാറിൻ്റെ അറസ്റ്റ് സ്വർണക്കൊള്ള വിവാദത്തിൽ പ്രതിരോധം തീർക്കാൻ ശ്രമിക്കുന്ന സി.പി.എം നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കും. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിൽസയിലുള്ള കെ.പി.ശങ്കരദാസിൻ്റെ കാര്യത്തിൽ അന്വേഷണ സംഘം എന്ത് നടപടി എടുക്കുമെന്നതിലാണ് ആകാംഷ.

ENGLISH SUMMARY:

NVijayakumar's arrest marks a significant development in the Sabarimala gold scam investigation. The former Travancore Devaswom Board member is remanded in custody, raising questions about board complicity.