തദ്ദേശഭരണസ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പുകളിലെ സസ്പെന്‍സുകള്‍ തുടരുന്നു. അട്ടപ്പാടി അഗളിയിൽ കൂറ് മാറി എല്‍ഡിഎഫിലെത്തിയ പ്രസിഡന്റ് മഞ്ജു രാജിവച്ചു. അയോഗ്യതയുടെ വാളോങ്ങിയതോടെ മഞ്ജു മറുകണ്ടം ചാടിയത് എല്‍ഡിഎഫിന് ക്ഷീണമായി. അതേസമയം, കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് നറുക്കെടുപ്പിലൂടെയാണ്.
അഗളിയില്‍ പ്രസിഡന്റ് കസേരയില്‍ ഇരിപ്പുറപ്പിക്കും മുന്നേയാണ് മഞ്ജുവിന് വിനയായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതും നിയമം നടപടി തുടങ്ങിയതും. പിന്നാലെ മലക്കംമറിഞ്ഞ മഞ്ജു, കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പഞ്ചായത്ത് ഓഫിസിലെത്തി രാജികത്ത് കൈമാറുകയായിരുന്നു. കോൺഗ്രസിന് ഒപ്പം തന്നെയെന്ന് പ്രഖ്യാപനവും.
പാലക്കാട്ടെ ക്ഷീണം അല്‍പം കുറയ്ക്കാന്‍ സിപിഎമ്മിനെ കാസര്‍കോട് ഭാഗ്യം തുണച്ചു. പുല്ലൂർ പെരിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ഡോ സി കെ സബിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന് വൈസ് പ്രസിഡന്‍റ് സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. CPM ഭിന്നതയെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ CPM നേതൃത്വം തീരുമാനിച്ച പി.കെ. വിനോദിനെ തന്നെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. യുഡിഎഫിന് കേവലഭൂരിപക്ഷം ലഭിച്ച കോട്ടയം എരുമേലി ഗ്രാമപഞ്ചായത്തിൽ സിപിഎം അംഗം പ്രസിഡന്‍റായി. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികവർഗ സംവരണമായിരുന്നു. യുഡിഎഫിന് പട്ടികവർഗ അംഗം ഇല്ലാത്തതിനാല്‍ സിപിഎമ്മിലെ അമ്പിളി സജീവൻ തിരഞ്ഞെടുക്കപ്പെട്ടു. ഹരിപ്പാട് വീയപുരം പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ പി .ഓമനയെ തിരഞ്ഞെടുത്തു. ക്വോറം തികയാത്തതിനെ തുടർന്ന് മാറ്റിവച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് നടത്തിയത്. പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തില്‍ യുഡിഎഫിലെ ഷെമിത ഷെരീഫ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.