aa-rahim

കർണാടകയിലെ ബുൾഡോസർ രാജിനെതിരെ ദേശീയ മാധ്യമങ്ങളോട് ഇംഗ്ലീഷിൽ പ്രതികരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി. എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്ന് തുടങ്ങുന്ന കുറിപ്പാണ് റഹീം പങ്കുവെച്ചത്.  

ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല എന്നും റഹീം കുറിപ്പിൽ പറയുന്നു. 

എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത് എന്നും റഹീം ചൂണ്ടിക്കാട്ടുന്നു. 

ഇന്നലെ കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ സർക്കാർ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച ശേഷം റഹീം മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. റഹീമിന്റെ ഇംഗ്ലീഷിലെ വ്യാകരണ പിശകുകൾ ചൂണ്ടിക്കാട്ടിയയായിരുന്നു ട്രോളുകൾ. അതേസമയം മാധ്യമങ്ങളോട് കാര്യങ്ങൾ വിശദമായി സംസാരിക്കുന്ന വീഡിയോയും റഹീം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

റഹീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 

എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. ..

എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.

പക്ഷേ,

മനുഷ്യരുടെ സങ്കടങ്ങൾക്ക് 

ഒരു ഭാഷയേ ഉള്ളൂ..

ഭരണകൂടഭീകരതയുടെ നേര്കാഴ്ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നത്..

ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങൾക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച് 

ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,

അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. .

ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു.

പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു.

എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും.

പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?

അവരെ ആരെയും ഇവിടെയെന്നല്ല,ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല.

എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ,നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്.

എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്.

ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,

ഒറ്റപ്പെട്ടുപോയവരെ ചേർത്തു പിടിക്കും.

ENGLISH SUMMARY:

A.A. Rahim's viral video sparked discussions about language and empathy. His Facebook post addresses criticism of his English skills while highlighting the plight of those affected by the bulldozer demolitions in Karnataka.