എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ വീണ്ടും നിർണായക പദവിയിലെത്തിക്കാൻ നീക്കം. അഴിമതി ആരോപണങ്ങളിൽ ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകിയത് ചുണ്ടിക്കാട്ടിയാണ് ചരടുവലി തുടങ്ങിയത്. എ ഡി ജി പി തലത്തിലും കൊച്ചി കമ്മീഷണർ ഉൾപ്പെടെയുള്ള പദവികളിലും ഉടൻ അഴിച്ചു പണി വരും.
മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായി അറിയപ്പെട്ടിരുന്ന എം ആർ അജിത്കുമാർ ഇപ്പോൾ പോലീസിന് പുറത്താണ്. എക്സൈസിന്റെയും കോർപ്പറേഷന്റെയും ചുമതല.ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം കലക്കൽ വിവാദം, പിവി അൻവറിൻെറ അഴിമതി ആരോപണം തുടങ്ങിയ വിവാദങ്ങളിൽ പെട്ടതോടെയാണ് അജിത് കുമാറിന് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതരായത്. അഴിമതി കേസിൽ ഹൈക്കോടതിയിൽ നിന്നും ക്ലീൻചിറ്റ് ലഭിച്ചു. പുരം കലക്കലിൽ നടപടി വേണമെന്ന മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ല. എങ്കിലും അന്വേഷണമെല്ലാം പൂർത്തിയായെന്ന ന്യായം പറഞ്ഞ് സുപ്രധാന പദവി തിരികെ നൽകാനാണ് നീക്കം. തിരഞ്ഞെടുപ്പ് കാലത്ത് വിശ്വസ്തനെ നിർണായക സ്ഥാനത്ത് ഇരുത്തുകയാണ് ലക്ഷ്യം. കേന്ദ്ര ഡെപ്യൂട്ടേഷനിലായ എ ഡി ജി പി ദിനേന്ദ്ര കശ്യപ് തിരിച്ചു വരുന്നുണ്ട്. ഇതോടെ എ ഡി ജി പി തലത്തിൽ മാറ്റങ്ങളുണ്ടാകും. അതിൻ്റെ മറവിൽ അജിത്തിന് പ്രധാന പദവി നൽകലാണ് ലക്ഷ്യമിടുന്നത്. പക്ഷെ സി പി ഐ ഉൾപ്പടെ ശക്തമായി എതിർക്കുന്നതിനാൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതു കൂടാതെ പുതുവർഷം പൊലീസിൽ സ്ഥാനക്കയറ്റങ്ങളുടെ കാലമാണ്.ആർ.നിശാന്തിനി, അജീതാ ബീഗം, സതീഷ് ബിനോ, പുട്ടവിമലാദിത്യ, രാഹുൽ ആർ.നായർ എന്നീ 5 ഡി ഐ ജിമാർക്ക് ഐ ജിയായി സ്ഥാനക്കയറ്റം ലഭിക്കും. ഇതിൽ പുട്ട വിമലാദിത്യ കൊച്ചി കമ്മീഷണറും അജിത ബീഗം , സതീഷ് ബിനോ എന്നിവർ തിരുവനന്തപുരം , കൊച്ചി റേഞ്ച് ഡി ഐ ജിമാരും ആണ്. അതിനാൽ ഇവരുടെ സ്ഥാനക്കയറ്റത്തോടെ കമ്മീഷണർ, റേഞ്ച് ഡി ഐ ജി സ്ഥാനങ്ങളിൽ അഴിച്ചു പണി ഉണ്ടാകും. അരുൾ ബി കൃഷ്ണ, ഹിമേന്ദ്രനാഥ് , ശിവവിക്രം എന്നീ മൂന്ന് പേർക്ക് ഡി ഐ ജിയായും സ്ഥാനക്കയറ്റമുണ്ട്. അഴിച്ചു പണി ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും.