sabarimala

ശബരിമല സ്വർണ്ണ കൊള്ളയിൽ ‘ഡി മണി’യെ എസ്.ഐ.ടി ചോദ്യം ചെയ്തു. ഡി മണി, ഡയമണ്ട് മണിയെന്ന് എസ്.ഐ.‍ടി. യഥാര്‍ഥ പേര് ബാലമുരുകന്‍ എന്നും സ്ഥീരീകരണം. ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് 1000 കോടിയെന്നും ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണുവച്ചതായും റിപ്പോര്‍ട്ടുണ്ട്. മണിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഡി മണി പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായിയാണ് ‘ഡി മണി’ കുറിച്ചും വിഗ്രഹ കടത്ത് സംഘത്തെ കുറിച്ചും എസ്ഐടിക്ക് മൊഴി നല്‍കിയത്.

സ്വര്‍ണം ഉരുക്കിയെടുക്കുന്നതിനേക്കാള്‍ വലിയ വിഗ്രഹ കടത്ത് ശബരിമലയില്‍ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. 2019–20 കാലങ്ങളിലായി നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റത്. ഡി.മണി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്നൈക്കാരനാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയായിരുന്നു ഇടനിലക്കാരന്‍. വിഗ്രഹങ്ങള്‍ കൊടുക്കാന്‍ നേതൃത്വം കൊടുത്തത് ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.

2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ചാണ് വിഗ്രഹക്കടത്തിനുള്ള പണംകൈമാറ്റം നടന്നത്. ഡി മണിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഈ ഉന്നതനും മാത്രമാണ് പണംകൈമാറ്റത്തില്‍ പങ്കെടുത്തതെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയാമെന്നും വ്യവസായി പറഞ്ഞു. എന്നാല്‍ മൊഴി വിശ്വസിക്കാനാകുമോയെന്നുള്ള പരിശോധനയിലാണ് എസ്.ഐ.ടി. ഇതുവരെയുള്ള അന്വേഷണത്തില്‍ പഞ്ചലോഹവിഗ്രഹങ്ങള്‍ നഷ്ടമായതായി വിവരം ലഭിച്ചിരുന്നില്ല. 

ENGLISH SUMMARY:

The SIT interrogated 'D Mani' (Balamurukan), the alleged kingpin of an idol smuggling syndicate in the Sabarimala gold scam. Reports reveal the gang targeted ₹1000 crore worth of antiques, including idols from Padmanabhaswamy Temple. The investigation follows a startling statement from an NRI businessman.