പാലായില്‍ പുളിക്കക്കണ്ടം കുടുംബത്തിന്‍റെ പിന്തുണ യുഡിഎഫിന് . 21കാരി ദിയ പുളിക്കക്കണ്ടം ആദ്യടേം ചെയര്‍പഴ്സണാകും. സ്വതന്ത്രയായി ജയിച്ച മായ രാഹുല്‍ വൈസ് ചെയര്‍പേഴ്സണ്‍.
പുളിക്കക്കണ്ടം കുടുംബത്തില്‍നിന്ന് ജയിച്ചത് മൂന്നുപേരാണ്. നാല് സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന് നല്‍കും. പുളിക്കക്കണ്ടം കുടുംബത്തിലെ കൗൺസിലർമാരാണ് തീരുമാനം അറിയിച്ചത്. എൽഡിഎഫ് - യുഡിഎഫ് നേതൃത്വങ്ങളുമായി ചർച്ച പൂർത്തിയാക്കിയിരുന്നു. ഭരണം നിലനിർത്താനുള്ള എൽഡിഎഫ് നീക്കത്തിൻ്റെ ഭാഗമായി മന്ത്രി വിഎൻ വാസവൻ ഉൾപ്പെടെയുള്ളവർ പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.ആകെ യുഡിഎഫ് - 14
ബിനു പുളിക്കക്കണ്ടവും മകൾ ദിയയും സഹോദരൻ ബിജുവുമാണ് ഒരു കുടുംബത്തിൽനിന്ന് സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയിൽ ഇവരുടെ തീരുമാനം നിർണായകമാകുകയായിരുന്നു. മുരിക്കുംപുഴ 13–ാം വാർഡിൽ 94 വോട്ടിനു ബിജുവും പരിപ്പിൽകുന്ന് 14–ാം വാർഡിൽ 140 വോട്ടിന് ബിനുവും പാലംപുരയിടം 15– ാം വാർഡിൽ ദിയ 91 വോട്ടിനുമാണ് വിജയിച്ചത്.
20 വർഷമായി കൗൺസിലറായി തുടരുന്ന ബിനു പുളിക്കക്കണ്ടം അഞ്ചാം തവണയാണ് നഗരസഭയിലേക്കു മത്സരിച്ചത്. ബിജെപി, സിപിഎം സ്ഥാനാർഥിയായി ഓരോ തവണയും സ്വതന്ത്രനായി രണ്ടു തവണയും വിജയിച്ചയാളാണ് ബിനു.
2020ൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏക അംഗമായിരുന്നെങ്കിലും കേരള കോൺഗ്രസ് എമ്മിന്റെ എതിർപ്പു മൂലം നഗരസഭാ അധ്യക്ഷസ്ഥാനം ബിനുവിനു ലഭിച്ചില്ല. ഇതോടെ കേരള കോൺഗ്രസിനോട് ബിനു യുദ്ധം പ്രഖ്യാപിക്കുകയും പ്രതിഷേധസൂചകമായി കറുപ്പു ഷർട്ടിട്ട് നഗരസഭായോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. കേരള കോൺഗ്രസ് എമ്മുമായി നിരന്തരം തർക്കം തുടർന്ന ബിനുവിനെ സിപിഎമ്മിൽനിന്ന് പിന്നീടു പുറത്താക്കി. കേരള കോൺഗ്രസ് (എം) കൗൺസിലർ ജോസ് ചീരാംകുഴിയുടെ എയർപോഡ് പാലാ നഗരസഭയിൽനിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ 2024 മേയിൽ പൊലീസ് ബിനുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്തതസഹചാരിയായ ബിജു സിനിമാരംഗത്തും സജീവമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കു വേണ്ടി പ്രചാരണം നടത്താൻ തൃശൂരിലേക്കു പോയ ബിനു വോട്ട് ചെയ്തതും അവിടെയാണ്. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിജുവും ബിനുവും.