മലയാളിയുടെ വായനാലോകത്തെ, കാണാമറയത്ത് നിന്ന് എം.ടി വാസുദേവന്‍ നായര്‍ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം. പലതലമുറകളിലെ വായനക്കാരുടെ ഭാവനയെയും മനോഭാവങ്ങളെയും സ്വാധീനിച്ചുകൊണ്ട്,,, കീഴ്ച്ചുണ്ട് വശത്തേയ്ക്ക് ചരിച്ച് എം.ടി ചിരിക്കുന്നു. എന്നിട്ട് പറയുന്നു, ഞാന്‍ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.
ജ്ഞാനപീഠം സ്വീകരിച്ചു കൊണ്ട് എം.ടി. വാസുദേവൻ നായർ പ്രഭാഷണം അവസാനിപ്പിച്ചത്, എഴുത്തുകാരൻ ആരാണെന്ന വിവരണത്തോടെയാണ്. അതിലെ അവസാന വാക്യങ്ങൾ ഇപ്രകാരം -ദൈവം അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് ചോദിച്ചു എന്ന് കരുതുക- നിനക്കെന്തു വേണം.... അക്ഷമയോടെ അയാൾ മറുപടി പറഞ്ഞേക്കും ഈ ജീവിതത്തേക്കാൾ ജീവസുറ്റ ജീവിതം. അതെ , ആ ജീവിതത്തിനാണ് ഒരാണ്ട് പൂർത്തിയാകുന്നത്. മനുഷ്യന്‍ ജനിക്കുന്നത് ഒരിക്കല്‍ മാത്രമല്ല ജീവിതം അവരെ വീണ്ടും വീണ്ടും സ്വയം ജനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് പറഞ്ഞതെത്രശരി. ഇന്നും ഗ്രന്ഥശാലകളില്‍ എം.ടിയുടെ പുസ്തകത്തട്ട് ശൂന്യമായിരിക്കും. ആ പുസ്തകങ്ങളൊക്കെ മനോവീഥികളിലൂടെ സഞ്ചാരത്തിലായിരിക്കും . അവ കിട്ടണമെങ്കില്‍ മുന്‍കൂട്ടി ബുക്കുചെയ്യണം. ആ വാക്കുകള്‍ ഹൃദയങ്ങളുടെ കടിഞ്ഞാണ്‍ ആകുന്നു.
അധികാരത്തിന്‍റെ പരിവേഷം എന്ന ലേഖനത്തില്‍ , ഏലിയാസ് കാനെറ്റിയുടെ വാക്കുകള്‍ എം.ടി ഉദ്ധരിക്കുന്നു– സ്വന്തം നിലനില്‍പ്പിനുവേണ്ടി കൊല്ലാനും കൊല്ലിക്കാനും കല്‍പിക്കുന്നവരാണ് അധികാരം കൈയിലേന്തുന്നവര്‍. നരവംശശാസ്ത്രത്തിന്‍റെയും സാമൂഹിക ശാസ്ത്രത്തിന്‍റെയും പശ്ചാത്തലത്തില്‍ അധികാരത്തിന്‍റെ പ്രവര്‍ത്തനശൈലികളെപ്പറ്റി ഏലിയാസ് കാനെറ്റി നമ്മെ പ്രജ്ഞകളില്‍ കൊടുങ്കാറ്റുണര്‍ത്തുംവിധം ഓര്‍മിപ്പിക്കുന്നു. ഇത് വായിക്കുന്നവര്‍ 1981 ല്‍ നൊബേല്‍ സമ്മാനം നേടിയ കാനെറ്റിയുടെ ആള്‍ക്കൂട്ടവും അധികാരവും –Crowds and Power എന്ന പുസ്തകം അന്വേഷിച്ചുപോകും– അപ്പോള്‍ എം.ടി ചിരിക്കും
1994 ൽ ഇറങ്ങിയ സുകൃതം എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച രവീന്ദ്രൻ എന്ന ജേർണലിസ്റ്റ് പറയുന്നു - സമൂഹത്തിന് ഒരു വേട്ടക്കാരന്‍റെ മനസ്സാണ്. ഇര വീഴുമ്പോഴേ അതിനെ തൃപ്തിയാകൂ. വീഴ്ത്തുന്നത് വിനോദം മാത്രമല്ല ഒരാഘോഷം കൂടിയാണ്.
വാസ്തവത്തിൽ ഇതല്ലേ ദിവസവും നാം കാണുന്നത്, അനുഭവിക്കുന്നത്. വേട്ടക്കാരൻ്റെ സമൂഹ മനസ് കുറേക്കൂടി ക്രൂരമായെന്ന് മാത്രം–ഇത് നാം തിരിച്ചറിയുമ്പോള്‍ എം.ടിയുടെ ചിരിയില്‍ ലേശം പരിഹാസവും നിറയുന്നു. ഇനിയും കാലം വായിച്ചെടുക്കേണ്ട അർത്ഥങ്ങളൊളിപ്പിച്ച ചിരി. എന്നിട്ട് പറയുന്നു എന്‍റെ ജീവസ്സുറ്റ ജീവിതം നിങ്ങള്‍ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ.