സംസ്ഥാനത്തെ കയർ സഹകരണ സംഘങ്ങൾക്ക് കുടിശിക ക്രിസ്മസിന് മുൻപ് നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലായില്ല. കയർ ഉൽപ്പന്നങ്ങൾ വാങ്ങിയ ഇനത്തിൽ 65 കോടിയോളം രൂപയാണ് സംഘങ്ങൾക്ക് സർക്കാർ നൽകാനുള്ളത്.

തുക അനുവദിക്കുമെന്ന് പ്രതീക്ഷിച്ച് കയർ കോർപറേഷൻ്റെ  ഓഫീസിലെത്തിയ സ്ത്രീകളടക്കമുള്ള കയർ സംഘം ഭാരവാഹികൾക്ക്, ചെയർമാനും എംഡിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തില്ലെന്ന മറുപടിയാണ് കിട്ടിയത്. 

വാഗ്ദാനങ്ങൾ പ്രഖ്യാപനങ്ങൾക്കും ഒരു കുറവുമില്ലായിരുന്നു. കയർമേഖലയെ ഉദ്ധരിക്കാൻ കോൺക്ലേവും നടത്തി. ഫലമൊന്നുമുണ്ടായില്ലെന്ന് തൊഴിലാളികളും കയർ ഉൽപാദകരും. തൊഴിലാളികളിൽ നിന്നും ചെറുകിട ഉൽപാദകരിൽ നിന്നും കയർ ഉൽപ്പന്നങ്ങൾ വാങ്ങി കയർ സംഘങ്ങൾ കയറ്റുമതിക്കാർക്ക് നൽകിയിരുന്നു. കയർ കോർപ്പറേഷൻ വഴിയാണ് സംഘങ്ങൾക്ക് ഈ തുക നൽകേണ്ടത്. കയറ്റുമതിക്കാർ പണം കോർപ്പറേഷന് കൈമാറി. കയർ സംഘങ്ങൾക്ക് 65 കോടിയോളം രൂപയാണ് സർക്കാർ നൽകേണ്ടത്.

72 കയർ സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ക്രിസ്മസിന് മുൻപ് നൽകുമെന്നായിരുന്നു വാഗ്ദാനം. 50 ലക്ഷം മുതൽ 4 കോടി രൂപവരെ കിട്ടാനുള്ള സംഘങ്ങൾ ഉണ്ട്. പണം കിട്ടുമെന്ന് കരുതി സഹകരണ സംഘം ഭാരവാഹികളും സെക്രട്ടറിമാരും കയർ കോർപ്പറേഷൻ ആസ്ഥാനത്തെത്തി. ചെയർമാനും എംഡിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് മാറിയെന്ന് സംഘം ഭാരവാഹികൾ ആരോപിച്ചു.

കയറ്റുമതിക്കാർ കയർ കോർപ്പറേഷന് പണം നൽകിയിട്ടും വകമാറ്റിയതിനാൽ ആണ് സംഘങ്ങൾക്ക് നൽകാത്തതെന്ന് ആരോപണമുണ്ട്. കയർ ഉൽപ്പന്നങ്ങൾ നൽകിയവർ സംഘത്തിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ സ്വന്തം ആഭരണങ്ങൾ പണയം വച്ച് പണം നൽകിയ സെക്രട്ടറിമാരുണ്ട്.

പ്രതിസന്ധി രൂക്ഷമായതിനാൽ ഉൽപാദകരും തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ പത്തുവർഷമായി കയർ മേഖലയ്ക്ക് കാര്യമായ പരിഗണന സർക്കാരും വ്യവസായ വകുപ്പും നൽകുന്നില്ലെന്ന പരാതി ഇടതുപക്ഷ പ്രവർത്തകർ അടക്കം ഉന്നയിക്കുന്നുണ്ട്.

ENGLISH SUMMARY:

Coir crisis impacts Kerala's cooperative societies. The government's failure to disburse promised funds has left workers and producers in despair.