ഉണ്ണിക്കൃഷ്ണ്‍ പോറ്റിയെ ശബരിലമയിലെത്തിച്ചത് യുഡിഎഫ് ആണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. യുഡിഎഫ് നേതാക്കളുമായി പോറ്റി നില്‍ക്കുന്ന ചിത്രങ്ങളുണ്ട്. സോണിയ ഗാന്ധിക്ക് പോറ്റി രക്ഷ കെട്ടിക്കൊടുക്കുന്ന ചിത്രങ്ങളുമുണ്ട്. ശബരിമലയില്‍ യുഡിഎഫ് കാലത്ത് നിരവധി അഴിമതികളുണ്ടായെന്നും ഇവയും പാരഡി ഗാനത്തില്‍ ഉള്‍പ്പെടുത്തണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയിലെ വിദേശ വ്യവസായിയുടെ മൊഴി ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സ്വര്‍ണം ഉരുക്കിയെടുക്കുന്നതിനേക്കാള്‍ വലിയ വിഗ്രഹ കടത്ത് ശബരിമലയില്‍ നടന്നൂവെന്നാണ് മലയാളിയായ വിദേശ വ്യവസായി ഉറപ്പിച്ച് പറയുന്നത്. 2019–20 കാലങ്ങളിലായി നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റത്. ഡി.മണി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്നൈക്കാരനാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയായിരുന്നു ഇടനിലക്കാരന്‍. വിഗ്രഹങ്ങള്‍ കൊടുക്കാന്‍ നേതൃത്വം കൊടുത്തത് ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.
2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ചാണ് വിഗ്രഹക്കടത്തിനുള്ള പണംകൈമാറ്റം നടന്നത്. ഡി മണിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഈ ഉന്നതനും മാത്രമാണ് പണംകൈമാറ്റത്തില്‍ പങ്കെടുത്തതെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയാമെന്നും വ്യവസായി പറഞ്ഞു. എന്നാല്‍ മൊഴി വിശ്വസിക്കാനാകുമോയെന്നുള്ള പ്രാഥമിക പരിശോധനയിലാണ് എസ്.ഐ.ടി. ഇതുവരെയുള്ള അന്വേഷണത്തില്‍ പഞ്ചലോഹവിഗ്രഹങ്ങള്‍ നഷ്ടമായതായി വിവരം ലഭിച്ചിരുന്നില്ല. അങ്ങിനെയുണ്ടങ്കില്‍ ഈ ഞെട്ടിക്കുന്ന മൊഴിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടിവരും.