കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖര്‍ക്കെതിരെ പരാതിയുമായി മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ്. കുമ്പള ടോൾ ബൂത്തുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് എത്തിയപ്പോൾ കലക്ടർ മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും എംഎല്‍എ പരാതി നൽകി. അകാരണമായി ഗൺമാനെ ഉപയോഗിച്ച് സമരസമിതി നേതാക്കളെ പുറത്താക്കിയെന്നാണ് പരാതി. കളക്ടർ ടോൾ പിരിവിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയാണെന്ന് എംഎൽഎ ആരോപിച്ചു.
'പൊലീസിനെ വിളിക്ക്, അറസ്റ്റ് ചെയ്യ് എന്നൊക്കെയാണ് കലക്ടര്‍ പറഞ്ഞത്. ജനങ്ങളുടെ വിഷയം ജനപ്രതിനിധികള്‍ കലക്ടറോട് അല്ലാതെ ആരോടാണ് പറയേണ്ടത്'? ഒരു എംഎല്‍എയ്ക്ക് നല്‍കേണ്ട സാമാന്യ മര്യാദ പോലും നല്‍കാതെ അപമാനിച്ചുവെന്നും എ.കെ.എം.അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായാണ് ഒരു കലക്ടര്‍ ഇത്തരത്തില്‍ പെരുമാറി താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.