mb-rajesh

TOPICS COVERED

തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു. ഈഘട്ടത്തിലും തെരുവുനായശല്യം നിയന്ത്രിക്കാന്‍ അഞ്ച് മാസം മുന്‍പ് മന്ത്രി എം.ബി.രാജേഷ് പ്രഖ്യാപിച്ച പദ്ധതികളില്‍ ഒരെണ്ണം ഒഴികെ മറ്റൊന്നും യാഥാര്‍ഥ്യമായില്ല. ഫണ്ടിന്‍റെ അപര്യാപ്തത പദ്ധതിക്ക് തടസമാകുമ്പോള്‍ അഞ്ച് മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ ആളുകള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റെന്നാണ് കണക്ക്. 

മന്ത്രി പറഞ്ഞ മട്ടിലെങ്കില്‍ ഇതിനകം നൂറ്റി അന്‍പത്തി രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ മൊബൈല്‍ പോര്‍ട്ടബിള്‍ എ.ബി.സി കേന്ദ്രങ്ങള്‍ സ്ഥാപിച്ചുണ്ടാവും. നായ്ക്കളുടെ വന്ധ്യം കരിയ്ക്കല്‍ തുടങ്ങി കടിപ്പേടിയില്‍ ഭാഗികമായെങ്കിലും നിയന്ത്രണം വരുത്താനും കഴിഞ്ഞേനെ. പ്രഖ്യാപനത്തിനപ്പുറം ഇതൊന്നും യാഥാര്‍ഥ്യമായില്ല. മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നെടുമങ്ങാട് സ്ഥാപിച്ച മൊബൈല്‍ പോര്‍ട്ടബിള്‍ എ.ബി.സി കേന്ദ്രം തടസമില്ലാതെ പുരോഗമിക്കുന്നു എന്നതാണ് പറഞ്ഞതില്‍ നടപ്പായ ഒരേയൊരു കാര്യം. 

ഫണ്ട് കണ്ടെത്തി പദ്ധതി നടപ്പാക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് തദ്ദേശവകുപ്പ് നിര്‍ദേശം നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. അഞ്ച് മാസം പിന്നിടുമ്പോഴും തീരുമാനം കടലാസിലാണ്. പുതിയ ഭരണസമിതി അധികാരമേറ്റ സാഹചര്യത്തില്‍ ഈ നിര്‍ദേശം നടപ്പാക്കുക എളുപ്പമാവില്ല. ഉന്നതതല യോഗ തീരുമാനത്തിന് തിരശീല. നായ്ക്കള്‍ ജനങ്ങളെ തലങ്ങും വിലങ്ങും കടിച്ച് കൊണ്ടേയിരിക്കും. ഓഗസ്റ്റ് മാസത്തില്‍ പൂര്‍ണമായും മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ തെരുവുനായ്ക്കള്‍ക്ക് പ്രതിരോധ വാക്സീനേഷന്‍, സെപ്റ്റംബര്‍ മാസത്തില്‍ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് പ്രതിരോധ വാക്സീന്‍, വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ഉടമസ്ഥരെ തിരിച്ചറിയാന്‍ നായ്ക്കള്‍ക്ക് ചിപ്പ് ഘടിപ്പിക്കും. ഈ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത പട്ടികയില്‍ തുടരുമ്പോള്‍ തെരുവുനായ പ്രതിരോധത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫലപ്രദ മാര്‍ഗങ്ങളിലെ ആത്മാര്‍ഥത തെളിയും.

ENGLISH SUMMARY:

Stray dog menace continues to be a significant issue despite government initiatives. The announced schemes for controlling stray dogs have largely remained unimplemented due to funding constraints, resulting in numerous dog bite incidents.