പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ് നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ രാവിലെ പിൻവലിച്ചു. സി.പി.എം ഓഫിസിനു നേരെ ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞുവെന്നത് വ്യാജ പ്രചരണമാണന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞു. എന്നാൽ മുസ്ലീം ലീഗ് അക്രമം അഴിച്ചുവിടുകയാണന്ന് സി.പി.എം ആരോപിച്ചു.
മൂന്നു പതിറ്റാണ്ടിന് ശേഷം പെരിന്തൽമണ്ണ നഗരസഭ ഭരണം യുഡിഎഫിന് ലഭിച്ചതിൻ്റെ വിജയാഹ്ലാദ പ്രകടനത്തിനു പിന്നാലെയായിരുന്നു സംഘർഷം. സിപിഎം ഓഫീസിനു നേരെ ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് ലീഗ് ഓഫീസിന് മുന്നിലേക്ക് സി പി എം പ്രകടനം എത്തിയത്. ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞതിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഒന്നരമണിക്കൂറോളം കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിച്ചു. 5 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ രാവിലെ 8ന് യുഡിഎഫ് ഹർത്താൽ പിൻവലിച്ചു.