ശബരിമലയിൽ നിന്ന് കട്ടെടുത്ത യഥാർത്ഥ സ്വർണം ഇനിയും കണ്ടെത്താനാകാതെ എസ്ഐടി . എത്ര സ്വർണം നഷ്ടമായി എന്നതിലും വ്യക്തതയില്ല. അന്വേഷണം തുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴും തൊണ്ടിമുതലിലും നഷ്ടമായ സ്വർണത്തിന്റെ അളവിലും ആശയക്കുഴപ്പം തുടരുകയാണ്.
കട്ടിള പാളിയിലും ദ്വാരപാലക ശില്പ പാളികളിലുമായി രണ്ട് കിലോയോളം സ്വർണം നഷ്ടമായിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തിയ സ്മാർട്ട് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവർ 585 ഗ്രാം സ്വർണം കൈക്കിലാക്കിയെന്നാണ് ഇതു വരെയുള്ള കണ്ടെത്തൽ. അങ്ങിനെയെങ്കിൽ ബാക്കി ഒന്നര കിലോയോളം സ്വർണം എവിടെയെന്നതിൽ ഉത്തരമില്ല. അതു മാത്രമല്ല , പങ്കജ് ഭണ്ഡാരിയിൽ നിന്ന് 109 ഗ്രാമും ഗോവർധനിൽ നിന്ന് 475 ഗ്രാമും സ്വർണമാണ് കണ്ടെടുത്തത്. എന്നാൽ ഇത് ശബരിമലയിലെ യഥാർത്ഥ സ്വർണമാണോയെന്ന് ഉറപ്പില്ല. ഇതോടെ തൊണ്ടി മുതൽ എവിടെയെന്ന് കണ്ടെത്താനും എസ് ഐ ടിക്കായിട്ടില്ല. ചുരുക്കത്തിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഉത്തരമില്ലാതെ അന്വേഷണസംഘം തുടരുകയാണ്.
പങ്കജ് ദണ്ഡാരിയെയും ഗോവർദ്ധനേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി ഇന്ന് അപേക്ഷ നൽകും. ഇവരെ കസ്റ്റഡിയിൽ കിട്ടുന്നതോടെ തൊണ്ടിമുതലിന്റെ കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരുത്താം എന്നാണ് എസ്.ഐ.ടി പ്രതീക്ഷിക്കുന്നത്.