തിരഞ്ഞെടുപ്പ് സമയത്ത് വൈറലായ പാരഡി ഗാനവുമായി ബന്ധപ്പെട്ട് ഇനിയൊരു പരാതിക്കോ ചർച്ചയ്ക്കോ ഇല്ലെന്ന് തീരുമാനിച്ചു സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സ്വർണ്ണക്കൊള്ള പ്രതിയും ജില്ലാകമ്മിറ്റി അംഗവുമായ പത്മകുമാർ നിരന്തരം പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയെന്നും കടുത്ത നടപടി പണ്ടേ വേണമായിരുന്നു എന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഐക്യകണ്ഠേന കടുത്ത നടപടി ശുപാർശ ചെയ്തു. തീരുമാനം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെതാണ്. സ്വർണ്ണക്കൊള്ള തിരിച്ചടിച്ചു എന്ന് ജില്ലാ കമ്മിറ്റിയും വിലയിരുത്തി. കാലുവാരല്‍ ആരോപണങ്ങൾ അതത് ഏരിയ കമ്മിറ്റികൾ ചർച്ച ചെയ്യും. വാർത്തകൾ ചോരുന്നത് തടയാൻ തോമസ് ഐസക് പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ എസ്ഐടി. ഇന്നലെ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ വ്യവസായി ഗോവർദ്ധൻ എന്നിവരെ റിമാൻഡ് ചെയ്തു. ഇവരെ കൂടാതെ ഇതര സംസ്ഥാനക്കാരായ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും പുറമേ ചെന്നൈ, ബെംഗളൂരു, സ്വദേശികളായ കൂടുതൽ പേർക്ക് സ്വർണ്ണക്കൊള്ളയുടെ ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
അതോടൊപ്പം തന്നെ ഹൈക്കോടതി വിമർശനം കണക്കിലെടുത്ത് ദേവസ്വം ഉന്നതരുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണവും വേഗത്തിലാക്കും. പത്മകുമാറിന്റെ മൊഴി വീണ്ടും വിലയിരുത്തിയശേഷം ദേവസ്വം ബോർഡ് അംഗങ്ങൾ ആയിരുന്ന കെ പി ശങ്കർദാസ് , എൻ വിജയകുമാർ എന്നിവരെ പ്രതിചേർക്കാനാകുമോ എന്ന് പരിശോധിക്കാനാണ് തീരുമാനം. ഇരുവരെയും വീണ്ടും ചോദ്യം ചെയ്തേക്കും. ഇവരുടെ മൊഴിയിൽ നിന്ന് കിട്ടുന്ന വിവരം അനുസരിച്ചാകും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കുള്ള അന്വേഷണം തുടങ്ങുക.