കെഎസ് ആർടിസി ബസ് വഴിയിൽ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസിൽ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും നോട്ടിസ്. എഫ്ഐആറിൽ മേയറും എംഎൽഎയും ഉൾപ്പെടെ 5 പേരായിരുന്നു പ്രതിപ്പട്ടികയിൽ. മേയർ ഉൾപ്പെടെ എഫ്ഐആറിൽ പേരുള്ള മുഴുവൻ പേരെയും കേസിൽ പ്രതികളാക്കണമെന്നും പൊലീസ് സമർപ്പിച്ച കുറ്റപത്രം തള്ളണമെന്നും അഭ്യർഥിച്ച് യദു കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും നോട്ടിസ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
Also Read: തിരുവനന്തപുരത്തെ തോല്‍വി, ‘ആര്യ രാജേന്ദ്രന്‍റെ ധാർഷ്ട്യത്തിനുള്ള മറുപടി’; ഡ്രൈവര്‍ യദു
ഇരുവരേയും ഒഴിവാക്കി പൊലീസ് നേരത്തെ കുറ്റപത്രം തയ്യാറാക്കിയിരുന്നു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണു പ്രതിയെന്നു കന്റോൺമെന്റ് പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഗതാഗത നിയമലംഘനം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയനുസരിച്ചുള്ള വകുപ്പുകൾ മാത്രമാണ് അരവിന്ദിനെതിരെ ചുമത്തിയത്. ഇതിന് കുറഞ്ഞത് 5,000 രൂപ പിഴയും, തുക ഒടുക്കിയില്ലെങ്കിൽ 3 മാസം തടവും മാത്രമാണ് ശിക്ഷ.
2024 ഏപ്രിൽ 27നു രാത്രി 10 നായിരുന്നു സംഭവം. കാർ ഓടിച്ചിരുന്നത് അരവിന്ദായിരുന്നു. അരവിന്ദിന്റെ ഭാര്യയെയും സുഹൃത്തിനെയും കേസിൽനിന്ന് ഒഴിവാക്കി. മുൻ എംപാനൽ ഡ്രൈവറും വെള്ളായണി സ്വദേശിയുമായ എൽ.എച്ച്.യദുവിനെതിരെയായിരുന്നു ആക്രമണം. മേയർക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ യദുവിനെതിരെ മ്യൂസിയം പൊലീസ് ഉടൻ കുറ്റപത്രം നൽകും.
സച്ചിൻദേവ് എംഎൽഎ ബസിൽ അതിക്രമിച്ചുകയറിയെന്ന് യദു പരാതിപ്പെട്ടിരുന്നെങ്കിലും ഹൈഡ്രോളിക് സംവിധാനമുള്ളതിനാൽ ഡ്രൈവർ ഡോർ തുറന്നു കൊടുക്കാതെ ബസിൽ കയറാനാവില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎ അസഭ്യം പറഞ്ഞതിന് സാക്ഷിമൊഴികളില്ല. ഡ്രൈവർ മോശം ആംഗ്യം കാണിച്ചതു ചോദ്യം ചെയ്യുക മാത്രമാണു സച്ചിൻ ദേവിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപത്രത്തിൽ പറയുന്നു.
കെഎസ്‍ആർടിസിയിൽ ജോലിക്കു കയറാനാകാത്ത യദു ഇപ്പോൾ സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മേയറെയും ഭർത്താവിനെയും കേസിൽ നിന്ന് ഒഴിവാക്കുമെന്നു നേരത്തേ തന്നെ അറിയാമായിരുന്നുവെന്നും നീതി കിട്ടുംവരെ പൊരുതുമെന്നും യദു പറഞ്ഞു.