പാലക്കാട് വാളയാറിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഛത്തീസ്‌ഗഡ് സ്വദേശി റാം നാരായണ്‍ നേരിട്ടത് അതിക്രൂരമർദനം. തലയിലും മുഖത്തും വടി വെച്ച് അടിച്ചെന്നും വയറിൽ പലതവണ ചവിട്ടിയെന്നും റിമാന്റ് റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അതേസമയം മന്ത്രി രാജനുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കുടുംബം മൃതദേഹം ഏറ്റുവാങ്ങി.
31 കാരൻ രാംനാരായണൻ ക്രൂരമായ ആക്രമണം നേരിട്ടത് കഴിഞ്ഞ ബുധൻ വൈകീട്ടാണ്. അന്വേഷണ പുരോഗമിക്കുമ്പോൾ ഓരോ ദിവസവും പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ. ഒന്നു മുതൽ മൂന്നു വരേ പ്രതികളായ അനു, പ്രസാദ്, മുരളി എന്നിവർ മരകഷ്ണം ഉപയോഗിച്ച് ദേഹമാസകലം മർദിച്ചു. നാലാംപ്രതി വയറിൽ ചവിട്ടി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചു പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന് ചുമതല. ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും.
അതേസമയം മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിൽ ധനസഹായത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും റാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കാമെന്ന് ബന്ധുക്കൾ സമ്മതമറിയിച്ചു. മൃതദേഹം സര്‍ക്കാര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും. ഒളിവിൽ പോയ പത്തോളം പ്രതികളെ പിടികൂടാൻ പൊലീസ് നീക്കം ഊർജിതമാക്കിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ളവർ സംസ്ഥാനം വിട്ടിട്ടുണ്ടെന്നാണ് നിഗമനം.