2025‌ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. പത്തുപേരുടെ പ്രാഥമികപട്ടിക പ്രഖ്യാപനം ഇന്ന് രാത്രി 9ന് മനോരമ ന്യൂസില്‍. വാര്‍ത്തകളുടെ ലോകത്ത് 2025 ല്‍ തിളങ്ങിനിന്ന നിരവധി മുഖങ്ങള്‍. അവരില്‍നിന്ന് ആരാകും 2025 ലെ വാര്‍ത്താ താരം ? 2006ല്‍ വി.എസ്. അച്യുതാനന്ദനില്‍ തുടങ്ങി 2024ല്‍  കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍ എത്തി നില്‍ക്കുന്നു ന്യൂസ്മേക്കര്‍ പുരസ്കാര ജേതാക്കളുടെ പട്ടിക. വാര്‍ത്തയില്‍നിറയുന്ന വ്യക്തികളില്‍നിന്ന് ഓരോ വര്‍ഷവും വാര്‍ത്താതാരത്തെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത് മനോരമ ന്യൂസ് പ്രേക്ഷകരാണ്.

മുന്‍വര്‍ഷത്തേക്കാള്‍ സംഭവബഹുലമായിരുന്നു, വാര്‍ത്താവര്‍ഷം 2025. സ്വര്‍ണക്കൊള്ള മുതല്‍ എംഎല്‍എയുടെ പീഡനംവരെ തുടര്‍വാര്‍ത്തകള്‍ സൃഷ്ടിച്ച വര്‍ഷം. ദേശീയപാത, പി.എം.ശ്രീ, എസ്.ഐ.ആര്‍ തുടങ്ങിയ വിഷയങ്ങളില്‍ വിള്ളലും വിളക്കലുമുണ്ടായ വാര്‍ത്തകള്‍. ആരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ ഉപതിരഞ്ഞെടുപ്പ്, ഫെയ്സ്ബുക്ക് കുറിപ്പുമുതല്‍ ആത്മകഥ വരെ പാര്‍ട്ടികള്‍ക്ക് തലവേദനയും വാര്‍ത്തകള്‍ക്ക് തലക്കെട്ടുമായ വര്‍ഷം.

സെന്‍സര്‍ വിവാദങ്ങളും ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ദേശീയനേട്ടങ്ങളും കലാസാംസ്കാരിക കായിക മേഖലകളിലുണ്ടാക്കിയ ചലനങ്ങള്‍. നിരവധി വാര്‍ത്താമുഖങ്ങളില്‍നിന്ന് മനോരമ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രാഥമിക പട്ടികയില്‍ പത്തുപേരുണ്ടാകും. അവരില്‍നിന്ന് പ്രേക്ഷകവോട്ടിലൂടെ നാലുപേര്‍ അടുത്ത റൗണ്ടിലെത്തും.  രണ്ടാംഘട്ട വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിക്കുന്നത്.  കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംഘടിപ്പിക്കുന്നത്.

ENGLISH SUMMARY:

Manorama News has launched the Newsmaker 2025 voting to identify the News Personality of the Year. A preliminary shortlist of ten prominent newsmakers will be announced tonight at 9 PM on Manorama News. The year 2025 witnessed major controversies, political upheavals, cultural milestones, and national achievements. From gold smuggling cases to election controversies, the news cycle remained intense throughout the year. Viewers will shortlist four candidates through public voting before the final round begins. The winner will be selected in the second phase of voting, organized with the support of KLM Axiva Finvest.