ശബരിമലയില്‍ നിന്ന് കട്ടെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും വിറ്റെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്നായി 579 ഗ്രാം സ്വര്‍ണം കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ഉടന്‍ ചോദ്യം ചെയ്തേക്കും.

ശബരിമലയില്‍ നിന്ന് കട്ടെടുത്ത സ്വര്‍ണത്തിന്‍റെ തൊണ്ടിമുതല്‍ എവിടെയെന്ന ചോദ്യത്തിനുള്ള പകുതി ഉത്തരമാണ് പങ്കജ് ഭണ്ഡാരിയുടെയും ഗോവര്‍ധന്‍റെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ എസ്.ഐ.ടി നല്‍കുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ പങ്കജ് ഭണ്ഡാരി സി.ഇ.ഒയായുള്ള ചെന്നൈയിലെ സ്മാര്‍ട് ക്രീയേഷന്‍സിലെത്തിച്ചാണ് വേര്‍തിരിച്ചത്. അങ്ങിനെ വേര്‍തിരിച്ചെടുത്തതില്‍ 109 ഗ്രാം സ്വര്‍ണം പണിക്കൂലിയെന്ന പേരില്‍ പങ്കജ് ഭണ്ഡാരിയെടുത്തു. മിച്ചം വന്ന 470 ഗ്രാം സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേനെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ വ്യവസായിയായ ഗോവര്‍ധന് കൊടുത്തു. ഇക്കാര്യം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് വെളിപ്പെടുത്തിയതെന്നും പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും ഇത് സ്ഥിരീകരിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 ശബരിമലയിലെ യഥാര്‍ഥ സ്വര്‍ണം അതേ രൂപത്തില്‍ കണ്ടെടുക്കാനായില്ലങ്കിലും സമാന അളവിലുള്ള സ്വര്‍ണം ഇവിടങ്ങളില്‍ നിന്ന് വീണ്ടെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും ദേവസ്വം ബോര്‍ഡ് അധികൃതരും ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്.ഐ.ടി.യുടെ തീരുമാനം. അതേസമയം തന്നെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചു. കെ.പി.ശങ്കര്‍ദാസിനും എന്‍.വിജയകുമാറിനെയും ഈ ആഴ്ച തന്നെ വിളിച്ചുവരുത്തും. ഇരുവര്‍ക്കും മോഷണത്തില്‍ പങ്കില്ലെന്നാണ് എസ്.ഐ.ടിയുടെ ഇതുവരെയുള്ള നിഗമനം. ഇക്കാര്യം പുനപരിശോധിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ENGLISH SUMMARY:

The Special Investigation Team (SIT) has recovered 579 grams of gold in connection with the Sabarimala gold theft case. According to the remand report, the accused, Unnikrishnan Potti, took stolen gold plates to 'Smart Creations' in Chennai, where CEO Pankaj Bhandari retained 109 grams as processing charges. The remaining 470 grams were sold to Bellary-based businessman Govardhan through a middleman. Following sharp criticism from the High Court, the SIT plans to re-interrogate 2019 Devaswom Board members K.P. Sankar Das and N. Vijayakumar to further investigate potential administrative links to the crime.