മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2025 പ്രാഥമിക പട്ടിക പ്രഖ്യാപിച്ചു. അരുന്ധതി റോയ്, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഡോ. ഹാരിസ് ചിറക്കൽ, നടി കല്യാണി പ്രിയദർശൻ, നടന്‍ പ്രകാശ് വർമ്മ, സൽമാൻ നിസാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി വി.ശിവന്‍കുട്ടി , അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ എന്നിവരാണ് പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ച പത്തുപേര്‍. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.
തിരഞ്ഞെടുപ്പുകളും സ്വര്‍ണക്കൊള്ള വിവാദവും രാഷ്ട്രീയരംഗത്ത് യുദ്ധമുഖം തുറന്നിട്ട വര്‍ഷത്തില്‍ ന്യൂസ്മേക്കര്‍ പട്ടികയിലും ആധിപത്യം പുലര്‍ത്തുന്നത് രാഷ്ട്രീയമുഖങ്ങളാണ്. സിപിഎം ദേശിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട എം.എ.ബേബി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ആദ്യപത്തില്‍ ഇടംപിടിച്ചു. ചലച്ചിത്രലോകത്തുനിന്ന് കല്യാണി പ്രിയദര്‍ശന്‍, പ്രകാശ് വര്‍മ, ശ്വേത മേനോന്‍ എന്നിവരാണ് പട്ടികയില്‍.
പുതിയ പുസ്തകവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വഴി അരുന്ധതി റോയ് പട്ടികയിലെത്തി. ഗ്രൗണ്ടില്‍ വെടിക്കെട്ട് സൃഷ്ടിച്ച ക്രിക്കറ്റര്‍ സല്‍മാന്‍ നിസാര്‍, വെളിപ്പെടുത്തലുകളിലൂടെ ആരോഗ്യവകുപ്പിലെ 'സിസ്റ്റം എറര്‍' ചര്‍ച്ചയ്ക്ക് വഴിതുറന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.ഹാരിസ് ചിറക്കല്‍ എന്നിവരും ന്യൂസ്മേക്കര്‍ പട്ടികിയിലുണ്ട്. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ്മേക്കര്‍ സംഘടിപ്പിക്കുന്നത്. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. വോട്ടില്‍ മുന്നിെലത്തുന്ന നാലുപേര്‍ അന്തിമപട്ടികയിലിടം നേടും.