മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് വിട. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഭൗതികദേഹം  സംസ്കരിച്ചു. മക്കളായ വിനീതും ധ്യാനും ചിതയ്ക്ക് തീ കൊളുത്തി.  സംസ്ഥാന സര്‍ക്കാരിന്റെ  ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. ചിതയില്‍ കടലാസും പേനയും സമര്‍പ്പിച്ച് സംവിധായകന്‍ സത്യന്‍അന്തിക്കാട് യാത്രാമൊഴി നല്‍കി. അന്ത്യാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്രലോകം. സിനിമാ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ അടക്കം ആയിരങ്ങളാണ് കണ്ടനാട്ടെ വീട്ടിലേക്ക് പ്രിയ ശ്രീനിയെ അവസാനമായി കാണാന്‍  ഒഴുകിയെത്തിയത്.  10 മണിക്ക് നിശ്ചയിച്ച സംസ്കാര ചടങ്ങുകള്‍ തിരക്കിനെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം വൈകിയാണ് നടന്നത്. തമിഴ് നടന്‍ സൂര്യ രാവിലെ ശ്രീനിവാസന്റെ വീട്ടിലെത്തി. താന്‍ ശ്രീനിവാസന്റെ ആരാധകനാണെന്നും അദ്ദേഹത്തിന്റെ എഴുത്തും സിനിമകളും എല്ലാ കാലവും നിലനില്‍ക്കുമെന്നും സൂര്യ പറഞ്ഞു. 

തലശ്ശേരിയിലെ പാട്യം എന്ന ദേശത്ത് സിനിമാബന്ധങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് കടന്നുവന്ന് മലയാളസിനിമയിൽ നാഴിക്കക്കല്ലുകളായ ഒരു പിടി ചിത്രങ്ങൾ എഴുതിയ അദ്ദേഹം നടനെന്ന നിലയിലും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി.സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് ,  തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി. വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.

മട്ടന്നൂർ പഴശിരാജ എൻ എസ് എസ് കോളജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടിയ അദ്ദേഹം 1977ൽ പി എ ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് രംഗത്ത് എത്തിയത്. തുടർന്ന് ബക്കറുടേയും അരവിന്ദന്റെയും കെ ജി ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പഞ്ചവടിപ്പാലത്തിലും വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നിവയിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.‘ പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളിലൂടെ ജീവിതനൊമ്പരങ്ങൾ ആവിഷ്കരിച്ചവയാണ് ശ്രീനിവാസൻ സിനിമകൾ.സത്യൻ അന്തിക്കാട് , പ്രിയദർശൻ, കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കിയത്. കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം. 

സ്വന്തം ചിത്രങ്ങൾക്ക് പുറമേ മറ്റുളളവരുടെ തിരകഥയിലും ശ്രീനിവാസൻ എന്ന നടൻ ശോഭിച്ചു. മഴമെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിലെ എംഎ ധവാൻ, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയൻ, പൊൻമുട്ടയിടുന്ന താറാവിലെ സ്വർണപണിക്കാരൻ, പാവം പാവം രാജകുമാരനിലെ പാരലൽ കോളജ് അധ്യാപകൻ, വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, തേൻമാവിൻ കൊമ്പത്തിലെ മാണിക്യൻ, ഉദയനാണ് താരത്തിലെ സരോജ്കുമാർ തുടങ്ങിയ നിരവധി വേഷങ്ങളിൽ അദ്ദേഹം പ്രേക്ഷകമനസിൽ ഇടംനേടി.

ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ലെ  സാമൂഹികവിഷയ ചിത്രത്തിനുളള ദേശീയ പുരസ്കാരവും നേടി. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം നേടി.

ENGLISH SUMMARY:

Kerala bid an emotional farewell to legendary Malayalam actor and writer Sreenivasan. His mortal remains were cremated at his residence in Kandanad, Tripunithura, with full state honours. His sons Vineeth and Dhyan lit the funeral pyre amid an outpouring of public grief. Director Sathyan Anthikad paid tribute by placing a pen and paper on the pyre. Thousands from the film and cultural sectors gathered to pay their last respects. Tamil actor Suriya described Sreenivasan’s writings and films as timeless and everlasting.