പ്രവാസികള്‍ അനുഭവിക്കുന്ന വിമാനയാത്രക്കൊള്ളയില്‍ കോടതിയെ സമീപിക്കാന്‍ മുസ്‌ലിംലീഗ്. യാത്രാ നിരക്കിന്‍റെ കാര്യത്തില്‍ വിമാനകമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. വിമാനയാത്രാ ചൂഷണത്തിനെതിരെ വിദേശത്തും നാട്ടിലും സമരപരിപാടികളും ലീഗ് ആലോചിക്കുന്നുണ്ട്.
ഇന്‍ഡിഗോ യാത്രാ പ്രതിസന്ധി പ്രവാസികള്‍ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. നിലവിലുണ്ടായിരുന്ന ടിക്കറ്റ് നിരക്കിനേക്കാള്‍ നാലോ അഞ്ചോ മടങ്ങ് നല്‍കി യാത്ര ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍. വന് തുക നല്‍കി ടിക്കറ്റെടുത്തിട്ടും അപ്രതീക്ഷിത റദ്ദാക്കല്‍ കാരണം യഥാസമയം എത്താന്‍ കഴിയാത്തവരുമുണ്ട് കൂട്ടത്തില്‍. ഇന്‍ഡിഗോ പ്രതിസന്ധിക്ക് പിന്നാലെ മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതാണ് പ്രശ്നമായത്. ഉല്‍സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെിതിരെ ലീഗ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അതിന് പുറമേയാണ് നിലവിലെ യാത്രാ പ്രതിസന്ധി കൂടി ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി നല്‍കുന്നത്.
ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തിരിച്ചുകിട്ടേണ്ട പണവും പലര്‍ക്കും കിട്ടിയിട്ടില്ല. ഇക്കാര്യത്തിലുംകേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.