ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുന്‍ ബോര്‍ഡംഗങ്ങളെ അറസ്റ്റു ചെയ്യാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിജയകുമാറിന്‍റെയും ശങ്കരദാസിന്റെയും പേര് എടുത്ത് പറഞ്ഞാണ് കോടതി എസ്ഐടി‌‌യെ സംശയ മുനയില്‍ നിര്‍ത്തിയത്. ഇതുവരെ ഇവരെ അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യമായിരിക്കുന്നുവെന്നാണ് കോടതി വിമര്‍ശിച്ചത്.   

'കേസില്‍ എസ്ഐടി‌‌ മെല്ലെപ്പോക്ക് നടത്തുന്നതെന്തിന്?, ഡിസംബര്‍ അഞ്ചിനുശേഷം അന്വേഷണത്തില്‍ എന്ത് പുരോഗതിയാണുണ്ടായത്, സ്വര്‍ണത്തിനൊപ്പം, ഭക്തരുടെ വിശ്വാസവും മോഷണംപോയി. അന്വേഷണം സ്തംഭിച്ച അവസ്ഥയിലാണ്. ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയമുണ്ട്'. – കോടതി എസ്ഐടി‌‌ക്കെതിരെ ഇത്തരത്തിലുള്ള രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയത്. 

ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇ.ഡിക്ക് മുഴുവൻ രേഖകളും നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇഡി അന്വേഷണം വേണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വാദം തള്ളിയാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴുവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്ഐടിക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ അറിയിച്ചത്. ഈ വാദം കോടതി തള്ളിയതോടെ റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും.

ENGLISH SUMMARY:

Sabarimala gold theft case involves the High Court's criticism of the SIT for not arresting former board members. The court questions the slow progress of the SIT investigation and suspects the omission of certain culprits.