തലശ്ശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് വസ്തുക്കളായതിനാൽ തീ അതിവേഗം ആളിപ്പടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് കനത്ത പുക ഉയരുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. തലശ്ശേരി, മാഹി, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഗോഡൗണിനുള്ളിൽ പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന ജീവനക്കാരുടെ വെളിപ്പെടുത്തൽ രക്ഷാപ്രവർത്തകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാൽ സ്ഥിതി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികൾ പുറത്തേക്ക് ഓടി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരുക്കേറ്റതായി വിവരമില്ല.
ദേശീയപാത 66-നോട് ചേർന്ന ബൈപാസ് മേഖലയിലാണ് സംഭവം എന്നതിനാൽ ഫയർ ഫോഴ്സിന് വേഗത്തിൽ സ്ഥലത്തെത്താൻ സാധിച്ചിട്ടുണ്ട്. എങ്കിലും കനത്ത പുക കാരണം ഈ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ആയതിനാൽ വെള്ളം ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണ്. തീ പൂർണ്ണമായും അണയ്ക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റേതെങ്കിലും കാരണമാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.