നാട്ടുകാരുടെ നേര്‍ക്ക് കയ്യൂക്ക് കാണിക്കുന്ന പൊലീസുകാരെ സംരക്ഷിച്ച് സര്‍ക്കാര്‍. കുന്നംകുളത്തും പീച്ചിയിലുമുള്ള സ്റ്റേഷന്‍ മര്‍ദനത്തിലെ പൊലീസുകാരെ പിരിച്ചുവിടാന്‍ ഇനിയും നടപടിയില്ല. ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പും പാഴായി. സസ്പെന്‍ഷനിലുള്ളവരെ പിരിച്ചുവിടാനാവില്ലെന്ന വിചിത്ര വിശദീകരണമാണ് മര്‍ദന വീരരായ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കാന്‍ പറയുന്ന ന്യായീകരണം.
പൊലീസിന്‍റെ കാട്ടാള സ്വഭാവം കണ്ട് കേരളം അടുത്തിടെ ആദ്യം ഞെട്ടിയത് കുന്നംകുളത്തെ ഈ വീഡിയോ പുറത്ത് വന്നപ്പോഴായിരുന്നു. ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ചു പീച്ചി സ്റ്റേഷനില്‍ റിസോര്‍ട്ട് ഉടമയ്ക്ക് നേരിടേണ്ടി വന്ന ക്രൂരതയുടെ അടുത്ത ദൃശ്യങ്ങള്‍. വലിയ വിവാദമായതോടെ കുന്നംകുളത്ത് എസ്.ഐ ഉള്‍പ്പടെ നാല് പൊലീസുകാരെയും പീച്ചി മര്‍ദനത്തില്‍ എസ്.എച്ച്.ഒ പി.എം.രതീഷിനെയും സസ്പെന്‍ഡ് ചെയ്തു. പക്ഷെ അതുപോരെന്നും പിരിച്ചുവിടണമെന്നും ആവശ്യം ശക്തമായി. പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി വിഷയം കൊണ്ടുവന്നപ്പോള്‍ അന്വേഷിച്ച് നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
പറഞ്ഞിട്ട് മൂന്നരമാസം കഴിഞ്ഞു. കുന്നംകുളം മര്‍ദനത്തിലെ തുടര്‍നടപടി ഉത്തരമേഖല ഐ.ജിയുടെയും പീച്ചി കേസിലെ നടപടി ദക്ഷിണമേഖല ഐ.ജിയുടെയും മേശപ്പുറത്ത് കെട്ടിക്കിടക്കുന്നതല്ലാതെ ഒരു ചുക്കും സംഭവിച്ചില്ല. സസ്പെന്‍ഷനിലുള്ളവരെ പിരിച്ചുവിടണമെങ്കില്‍ വീണ്ടും സര്‍വീസിലെടുക്കണമെന്നും അത് നടക്കാത്തതുകൊണ്ടാണ് പിരിച്ചുവിടല്‍ നോട്ടീസ് കൊടുക്കാത്തതെന്നുമാണ് വിശദീകരണം. ചുരുക്കത്തില്‍ മര്‍ദനവീരരായവര്‍ സസ്പെന്‍ഷനെന്ന പേരില്‍ വീട്ടിലിരുന്ന് സര്‍ക്കാര്‍ ശമ്പളം വാങ്ങി സുഖിക്കുന്നു.