ശബരിമലയിൽ അന്നദാനത്തിനായി ഈ മാസം 21 മുതൽ കേരളീയ സദ്യ. ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യയും പുലാവും നൽകും. സദ്യ ഒരുക്കുന്നതിന് കരാറുകാരുമായി ഉണ്ടായിരുന്ന പ്രശ്നം പരിഹരിച്ചെന്ന് സന്നിധനത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
ഡിസംബർ 21 മുതൽ ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് പൊന്നരി ചോറിനൊപ്പം സാംമ്പാർ, രസം, അവിയൽ, തോരൻ, പപ്പടം, അച്ചാർ, പായസം എന്നിവ കൂട്ടി വിഭവ സമൃദ്ധമായ സദ്യ ഉണ്ട് മടങ്ങാം. ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി കെ ജയകുമാർ ചുമതലയേറ്റ ആദ്യ യോഗത്തിൽ ശബരിമലയിൽ അന്നദാനത്തിന് കേരളീയ സദ്യ ഒരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരു മാസം പിന്നിട്ടിട്ടും നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. സദ്യ ഒരുക്കുന്നതിലെ ചിലവിൽ കക്കാരുകർക്കുള്ള ബുദ്ധിമുട്ട് ആയിരുന്നു പ്രധാന കാരണം. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിൽ തർക്കങ്ങളും സാങ്കേതിക തടസങ്ങളും പരിഹരിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യയും പുലാവും നല്കാൻ ആണ് തീരുമാനം.
അരവണ നിർമ്മാണ പ്രതിസന്ധി തുടരുന്നതിനാൽ ഒരാൾക്ക് വാങ്ങാവുന്ന അളവ് 20 ടിൻ ആയി നിജപ്പെടുത്തിയത് തുടരും. സന്നിധാനത്തു ഉൽപ്പാദിപ്പിക്കുന്ന അരവണ നിലക്കൽ എത്തിച്ചു വിതരണം ചെയുന്നതും ആലോചനയിൽ ഉണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനുള്ള പണം ഇല്ലാത്തതിനാൽ സ്പോൺസർ ഷിപ്പിലൂടെ പണം കണ്ടെത്താനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്.