ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി ചട്ടങ്ങള്‍ അട്ടിമറിച്ച് പല പ്രതികള്‍ക്കും അനധികൃത പരോള്‍ നല്‍കിയെന്ന് വിജിലന്‍സ്. ലഹരി ഉള്‍പ്പടെ ജയിലിലേക്ക് കടത്താന്‍ സഹായിച്ചതായും സംശയം. നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. വിനോദിനെ സസ്പെന്‍ഡ് ചെയ്യും.
ജയില്‍ മേധാവി കഴിഞ്ഞാല്‍ തൊട്ടുതാഴെയുള്ള ഉന്നതന്‍, അതാണ് ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി. ഇത്രയും ഉയര്‍ന്ന പദവിയിലുള്ള ഒരാള്‍ കൈക്കൂലിക്കേസില്‍ പെടുന്നത് ജയില്‍ വകുപ്പില്‍ ആദ്യമാണ്. കൈക്കൂലി വാങ്ങിയെന്നതിനപ്പുറം ജയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തുന്നതായിരുന്നു വിനോദിന്‍റെ പണിയെന്ന് കൂടിയാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ 12 തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഉറപ്പിച്ചു. ഇവരില്‍ നിന്നാണ് 1.80 ലക്ഷം രൂപ കൈക്കലാക്കിയത്.
പരോള്‍ നല്‍കാമെന്ന് പറഞ്ഞാണ് കൈക്കൂലി കൂടുതലായി വാങ്ങിയത്. വിനോദിന് കൈക്കൂലി നല്‍കിയ നാല് പ്രതികള്‍ക്ക് പിന്നീട് പരോള്‍ ലഭിച്ചതായും കണ്ടെത്തി. ജയില്‍ ചട്ടങ്ങള്‍ അട്ടിമറിച്ചാണ് ഈ പരോളെന്നാണ് സംശയിക്കുന്നത്. ജയിലില്‍ അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന പേരിലും കൈക്കൂലി വാങ്ങിയിട്ടുണ്ട്. ലഹരി ഉള്‍പ്പടെ ജയിലിലേക്ക് കടത്താന്‍ ഇതുവഴി വിനോദ് സഹായിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സിന്‍റെ അന്വേഷണ യൂണിറ്റ് വിജിലന്‍സ് മോവിക്ക് കൈമാറി. മനോജ് എബ്രഹാം ഇന്ന് ഇത് ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കും. ഇതോടെ സസ്പെന്‍ഡ് ചെയ്തേക്കും. ഗൂഗിള്‍ പേ വഴിയാണ് കൈക്കൂലി വാങ്ങുന്നത്. അതിനാല്‍ വിനോദിന്‍റെ ബന്ധുക്കളുടയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.