കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ മുഖത്തടിച്ചതില്‍ കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം . സി.ഐ. പ്രതാപചന്ദ്രന്‍ യുവതിയുടെ മുഖത്തടിക്കുന്ന സ്റ്റേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊച്ചി സ്വദേശി ഷൈമോള്‍ക്കാണ് അടിയേറ്റത്. 2024 ജൂൺ 10 നാണ് സംഭവം നടക്കുന്നത്. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കൈക്കുഞ്ഞുമായി യുവതി സ്റ്റേഷനിൽ എത്തിയത്.
മുഖ്യമന്ത്രിയ്ക്കു നേരത്തെ പരാതി നല്‍കിയിരുന്നെന്നും നടപടിയുണ്ടായില്ലെന്നും ഷൈമോള്‍ മനോരമ ന്യൂസിനോടു പറഞ്ഞു. നല്‍കാന്‍ കഴിയുന്നവര്‍ക്കൊക്കെ പരാതി നല്‍കി. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഷൈമോള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്റ്റേഷനില്‍ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ പ്രതികരിച്ചു. കൈക്കുഞ്ഞുങ്ങളെ താഴെ എറിയാന്‍ ശ്രമിച്ചു. വനിത പൊലീസുകാരെ ആക്രമിച്ചു. സ്റ്റേഷനില്‍ അതിക്രമിച്ചുകയറി അക്രമം തുടര്‍ന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രതികരിക്കേണ്ടിവന്നെന്നും പ്രതാപചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.