air-india-express-emergency-landing-dgca-investigation-air-india

ജിദ്ദയിൽ നിന്ന് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 398) മണിക്കൂറുകളോളം പറന്നത് പൊട്ടിയ ടയറുകളുമായെന്ന് സ്ഥിരീകരണം. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത സമയത്ത് തന്നെ വിമാനത്തിന്റെ ടയറുകൾക്ക് കേടുപാട് സംഭവിച്ചിരുന്നുവെന്നാണ് എയർ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ മനോരമ ന്യൂസിനോട് തങ്ങൾ നേരിട്ട ഭയാനകമായ സാഹചര്യം വിവരിച്ചു. ജിദ്ദയിൽ നിന്ന് വിമാനം പറന്നുയർന്ന സമയത്ത് തന്നെ വലിയൊരു ശബ്ദം കേട്ടിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. റൺവേയിലെ ലൈറ്റിലോ മറ്റേതെങ്കിലും വസ്തുവിലോ വിമാനത്തിന്റെ ടയർ തട്ടിയതാകാം ഈ ശബ്ദത്തിന് കാരണമെന്ന് കരുതുന്നു. ടയറിന് തകരാറുണ്ടെന്ന വിവരം ലാൻഡിംഗിന് വെറും 20 മിനിറ്റ് മുൻപ് മാത്രമാണ് വിമാന അധികൃതർ യാത്രക്കാരെ അറിയിച്ചത്.   "ഭാഗ്യം കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്" എന്നാണ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരുടെ പ്രതികരണം.

ജിദ്ദ വിമാനത്താവളത്തിലെ റൺവേയിലുണ്ടായിരുന്ന എന്തോ ഒരു വസ്തുവിൽ തട്ടിയാണ് ടയറിന് കേടുപാട് സംഭവിച്ചതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. വലതുവശത്തെ രണ്ട് ടയറുകളും പൊട്ടിയ നിലയിലായിരുന്നു. ലാൻഡിംഗ് ഗിയറിനും തകരാർ സംഭവിച്ചിരുന്നു. ഇത്രയും വലിയ തകരാറുണ്ടായിട്ടും വിമാനം ആകാശത്ത് തുടർന്നത് വലിയ സുരക്ഷാ വീഴ്ചയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

ലാൻഡിംഗ് ഗിയറിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം കരിപ്പൂരിൽ ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ ഭൂപ്രകൃതിയും മുൻകാല അപകടങ്ങളും കണക്കിലെടുത്ത്, കൂടുതൽ സൗകര്യങ്ങളുള്ള നെടുമ്പാശേരിയിൽ വിമാനം ഇറക്കാൻ പൈലറ്റ് അനുമതി തേടി.

രാവിലെ 7 മണിയോടെ തന്നെ തകരാർ സംബന്ധിച്ച വിവരം സിയാൽ അധികൃതർക്ക് ലഭിച്ചിരുന്നു. എന്നാൽ യാത്രക്കാരുടെ ബന്ധുക്കൾക്കിടയിൽ പരിഭ്രാന്തി ഒഴിവാക്കാൻ വിവരം രഹസ്യമായി സൂക്ഷിക്കുകയും സുരക്ഷാ സന്നാഹങ്ങൾ അതീവ ജാഗ്രതയോടെ ഒരുക്കുകയും ചെയ്തു.

സംഭവത്തിൽ ഡി.ജി.സി.എ (DGCA) വിശദമായ അന്വേഷണം നടത്തും. ജിദ്ദയിൽ വെച്ച് തകരാർ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നും, അങ്ങനെയെങ്കിൽ എന്ത് കൊണ്ട് വിമാനം യാത്ര തുടർന്നു എന്നും പരിശോധിക്കും. പൈലറ്റിന്റെ മനസ്സാന്നിധ്യവും സിയാലിലെ ഗ്രൗണ്ട് സ്റ്റാഫിന്റെ സന്ദർഭോചിതമായ ഇടപെടലുമാണ് 160 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. നിലവിൽ സുരക്ഷിതമായി നെടുമ്പാശേരിയിൽ ഇറങ്ങിയ 160 യാത്രക്കാരെയും പ്രത്യേക ബസ്സുകളിൽ കരിപ്പൂരിലേക്ക് എത്തിക്കാനുള്ള നടപടികൾ സിയാൽ അധികൃതർ സ്വീകരിച്ചു കഴിഞ്ഞു.

ENGLISH SUMMARY:

Air India Express emergency landing occurred in Nedumbassery after a tyre burst during takeoff from Jeddah. The pilot's quick thinking and the preparedness of the ground staff at CIAL ensured the safety of all 160 passengers.