ശബരിമല സ്പോട് ബുക്കിങ്ങിൽ പൊലീസിന്റെ അനധികൃത ഇടപെടൽ വേണ്ടെന്ന് ഹൈക്കോടതി. ഒരു കൗണ്ടറിൽ പൊലീസിന് വേണ്ടപ്പെട്ടവരെ മാത്രം അനുവദിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് ഐ.ജി കയറിയതിൽ ഹൈക്കോടതി താക്കീത് നൽകി.
നിലയ്ക്കലിലെ സ്പോട് ബുക്കിങ് കൗണ്ടറുകളിലെ ഒരെണ്ണത്തിൽ പൊലീസിന് വേണ്ടപ്പെട്ടവരെ മാത്രം അനുവദിക്കുന്നവെന്ന് ഹൈക്കോടതിക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബെഞ്ചിൻ്റെ ഇടപെടൽ. സ്പോട് ബുക്കിങിൽ പൊലീസിന്റെ അനധികൃത ഇടപെടൽ വേണ്ടെന്ന് കോടതി നിർദേശിച്ചു. ഭക്തർക്ക് വേണ്ടിയാണ് സ്പോട് ബുക്കിങ്. പൊലീസിന് വേണ്ടപ്പെട്ടവരെ മാത്രം അനുവദിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും കോടതി വിശദീകരണം തേടി. എരുമേലിയിൽ നിന്നും കാനന പാത വഴി വരുന്നവർക്കും ബുക്കിങ് നിർബന്ധമാണെന്നും, ബുക്ക് ചെയ്ത തീർഥാടകരെ മാത്രമേ പുല്ലുമേട് വഴി കടത്തിവിടാവൂ എന്നും കോടതി വ്യക്തമാക്കി.
ഡിസംബർ 11ന് രാവിലെ ഒമ്പതു മണിയോടെ ശബരിമല പൊലീസ് ജോയിന്റ് കോഓർഡിനേറ്ററും ഐ.ജിയുമായ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലും സിവിൽ ഡ്രസിലുമായി ഭണ്ഡാരം മുറിയിൽ പ്രവേശിച്ചതിനാണ് ഹൈക്കോടതി താക്കീത് നൽകിയത്. ദേവസ്വം ഭണ്ഡാരത്തില്‍ ഒരു കാരണവുമില്ലാത ഐജി കയറിയെന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പൊലീസ് ഭണ്ഡാരത്തിലേക്ക് കയറരുതെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുള്ളതാണെന്നും ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.