monu-varghese-malayala-manorama-karshakasree-2026

കേരളത്തിലെ ഏറ്റവും മികച്ച കര്‍ഷക പ്രതിഭയ്ക്ക് മലയാള മനോരമ നല്‍കുന്ന കര്‍ഷക ശ്രീ പുരസ്ക്കാരം മുപ്പത്തിയെട്ടുകാരനായ മോനു വര്‍ഗീസ് മാമ്മന്. മെക്കാനിക്കല്‍ എന്‍ജിനീയറായ മോനു എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശിയാണ്. ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുന്ന കര്‍ഷക ശ്രീ കാര്‍ഷികമേളയില്‍ പുരസ്ക്കാരം സമര്‍പ്പിക്കും. 

അച്ഛന്‍ മരിച്ചപ്പോള്‍ പഠനകാലത്ത് തന്നെ അമ്മയ്ക്കൊപ്പം കൃഷിയിടത്തില്‍ ഇറങ്ങിയതാണ് മോനു വര്‍ഗീസ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായെങ്കിലും മനസ് പാടത്തു തന്നെയായിരുന്നു. കൃഷി പാഷനും പ്രഫഷനുമാക്കി മണ്ണിലിറങ്ങിയ മോനുവിന് കര്‍ഷക ശ്രീ പുരസ്ക്കാരത്തിന്‍റെ നൂറുമേനിത്തിളക്കം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന കര്‍ഷക ശ്രീ പുരസ്ക്കാരത്തിന്‍റെ പതിനെട്ടാമത് ജേതാവാണ്. യുവതലമുറയെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുകയും സാങ്കേതിക വിദ്യകളിലൂടെ കൃഷിയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്ന കാഴ്ച്ചപ്പാടോടെ വിധിനിര്‍ണയ സമിതി ഏകകണ്ഠമായാണ് മോനുവിനെ തിരഞ്ഞെടുത്തത്.

പുരസ്ക്കാരത്തിനായി 117 നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. കേന്ദ്രകൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന ടി നന്ദകുമാര്‍ അധ്യക്ഷനായ പുരസ്ക്കാര നിര്‍ണയ സമിതിയില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മുന്‍ മേധാവി പി ഇന്ദിരാദേവി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റ്യൂട്ട് പ്രഫസറും ഡോക്ടര്‍ എം.എസ് സ്വാമിനാഥന്‍റെ മകളുമായ മധുര സ്വാമിനാഥന്‍ കാര്‍ഷികോല്‍പാദന കമ്മിഷണര്‍ ബി അശോക്, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു എന്നിവരായിരുന്നു അംഗങ്ങള്‍. 

ENGLISH SUMMARY:

Karshakasree Awards 2026 has been announced, recognizing Monu Varghese Maman as the winner. The award, presented by Malayala Manorama, acknowledges his hard work and innovative farming methods.