തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ പാരഡിയില്‍ അന്വേഷണത്തിന് തുടക്കം. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി എ.ഡി.ജി.പിക്ക് കൈമാറി. കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സി.പി.എമ്മും നടപടി ആവശ്യപ്പെട്ടിരുന്നു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്. അയ്യപ്പ ഭക്തിഗാനത്തിന്‍റെ പാരഡിയില്‍ ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. മലപ്പുറംകാരായ സുബൈർ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം.
പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണം, രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്‍റെ പേര് ഉപയോഗിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ അപമാനിക്കുന്നതും നിന്ദിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പരാതി. പാരഡി ഗാനത്തിന് എതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഎമ്മിന്റെയും ആവശ്യം. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. ഗാനത്തിന് എതിരെ രാജ്യസഭാ എംപി എ.എ.റഹീമും രംഗത്തെത്തി.