saji-cherian-iffk

രാജ്യാന്തര ചലച്ചിത്രമേളയില്‍ ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതെന്നും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പ്രതികരിച്ചു. അടുത്ത വര്‍ഷം ഐഎഫ്എഫ്കെ നടക്കുമോ എന്നില്‍ ആശങ്കയുണ്ടെന്നും സിനിമകളിലൂടെ ഇവര്‍ ആരെയാണ് ഭയപ്പെടുന്നതെന്നും മന്ത്രി ചോദ്യമുയര്‍ത്തി. 19 സിനിമകളുടെ സെന്‍സറിങാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്  തടഞ്ഞത്. പ്രതിഷേധം കനത്തതിന് പിന്നാലെ 'ബീഫ്' ഉള്‍പ്പടെ നാലു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി. അതേസമയം, വിവാദം നിര്‍ഭാഗ്യകരമാണെന്നും വിലക്ക് സംബന്ധിച്ച് കേന്ദ്രമന്ത്രിയോട് താന്‍ സംസാരിച്ചിരുന്നുവെന്നും അതിന്‍റെ ഫലമായി ചില ചിത്രങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ എംപി പറഞ്ഞു. 15 ചിത്രങ്ങള്‍ക്ക് കൂടി ഇനി അനുമതി ലഭിക്കാനുണ്ട്.

ഇസ്രയേല്‍–പലസ്തീന്‍ സംഘര്‍ഷം പ്രതിപാദിക്കുന്ന മൂന്ന് പലസ്തീന്‍ ചിത്രങ്ങളും ഇന്ത്യയിലെ ജാതീയത, പൊലീസ് രാജ്, കമ്യൂണിസ്റ്റുകള്‍ക്കെതിരെ നടന്ന കൂട്ടക്കൊല, ലോകബാങ്ക് ഐഎംഎഫ് നയങ്ങളോടുള്ള വിമര്‍ശനം, മറ്റു രാജ്യങ്ങളിലെ അശാന്തമായ രാഷ്ട്രീയ പരിസരങ്ങള്‍ എന്നിവ പ്രമേയമായ ചിത്രങ്ങള്‍ക്കാണ് വിലക്ക്.  ഇറച്ചിയുമായി ബന്ധമൊന്നും ഇല്ലെങ്കിലും സ്പാനിഷ് ചിത്രം 'ബീഫും' ആദ്യം വിലക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് 100 വര്‍ഷം പഴക്കമുള്ള ബാറ്റില്‍ഷിപ് പൊട്ടംകിന്‍ എന്ന വിഖ്യാത ചിത്രമുള്‍പ്പടെയുള്ളവ തടഞ്ഞത്. ചലച്ചിത്ര അക്കാദമിയുടെ അപേക്ഷ വൈകിയാതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം, അക്കാദമി കത്തുനല്‍കിയെങ്കിലും പരിഗണിച്ചിരുന്നില്ല. 

അതേസമയം, കേരളത്തിലെ രാജ്യാന്ത്ര ചലച്ചിത്രമേളയിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അനുമതി നിഷേധിച്ചത് രാജ്യസഭ ചർച്ച ചെയ്യണമെന്ന് വി. ശിവദാസൻ എംപി. ആവശ്യം ഉന്നയിച്ച് ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി. നീക്കം സെൻസർഷിപ്പിന് തുല്യമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യം ലംഘിക്കുന്നതാണെന്നും ശിവദാസൻ ആരോപിച്ചു. നോട്ടിസ് സഭാധ്യക്ഷൻ തള്ളി.

ENGLISH SUMMARY:

Kerala Minister Saji Cherian alleged that the Central Government is 'intentionally creating problems' at the International Film Festival of Kerala (IFFK) as part of a political agenda, expressing concern over the festival's future. The Ministry of Information and Broadcasting (I&B) had initially banned 19 films, including the iconic 'Battleship Potemkin,' but later permitted four, including the Spanish film 'Beef.' The banned list primarily included films dealing with the Israel-Palestine conflict, casteism in India, police state, massacres against Communists, and criticism of World Bank/IMF policies. While the Ministry officially cited the Kerala Chalachitra Academy's delayed application for the denial, the Academy stated their request was ignored.