TOPICS COVERED

മലയാറ്റൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന്. മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടത്തിൽ വ്യക്തത വരും. ഈ മാസം ആറിന് കാണാതായ ചിത്രപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ചിത്രപ്രിയയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപമായിരുന്നു മൃതദേഹം. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.  

തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനാൽ കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ആൺ സുഹൃത്തിനോടൊപ്പം ചിത്രപ്രിയ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയത്. ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചതായി പൊലീസ് പറയുന്നു. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പൊലീസെങ്കിലും മരണകാരണം ഉറപ്പിച്ച ശേഷമാകും മലയാറ്റൂർ പൊലീസിന്റെ തുടർ നടപടികൾ.

19കാരിയുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് ഗ്രാമപ്രദേശമായ മുണ്ടങ്ങാമറ്റം. നാലു ദിവസം മുന്‍പ് മകളെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് സിസിടിവി ലഭിച്ചത്. ചോദ്യം ചെയ്ത് വിട്ടയച്ചത് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ തന്നെയാണോ എന്ന കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. 

ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. നാലുദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു. കല്ലുകള്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. 

ENGLISH SUMMARY:

Chithrapriya's death in Malayattoor is under investigation. The postmortem examination will determine the cause of death, with police suspecting foul play after the 19-year-old's body was found with head injuries.