നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഹണി ഭാസ്ക്കരന്‍. 2017ലെ സംഭവത്തിന് ശേഷം ഇന്നോളം ആ ക്രൂരന്റെ സിനിമകൾ കണ്ടിട്ടില്ലെന്നും ഈ വിധി കൊണ്ടൊന്നും മനുഷ്യരാരും അയാളെ തോളിൽ ഏറ്റാൻ പോകുന്നില്ലെന്നും ഹണി തന്‍റെ പോസ്റ്റില്‍ പറയുന്നുണ്ട്.
കരാമയിലെ ദിലീപിന്‍റെ റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനായി മലയാളികൾ അല്ലാത്തവർക്കൊപ്പം പോകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഭക്ഷണം കഴിക്കാൻ പോകുന്നത് അവിടെയാണെന്ന് അറിഞ്ഞപ്പോൾ പങ്കെടുക്കില്ല എന്ന തന്റെ ഒറ്റ വാശിക്ക് മറ്റൊരു സ്ഥലത്തേക്ക് എല്ലാവരും കൂടി ഡിന്നർ കഴിക്കാൻ പോകേണ്ട അവസ്ഥ വന്നു. അന്ന് കാരണം പറഞ്ഞ് കൊടുക്കുന്ന നേരത്ത് അതിനോട് യോജിക്കാന്‍ കഴിയാത്തവരോട് നിങ്ങളുടെ സ്ത്രീകളെ പീഡിപ്പിച്ച ഒരുത്തന്റെ വീട്ടിൽ പോയി സദ്യ കഴിച്ചു കൈ കഴുകാൻ ഉള്ള മനസുണ്ടാകുമോ നിങ്ങൾക്ക് എന്നു ചോദിച്ചു വാ അടച്ചിട്ടുണ്ടെന്നും ഹണി പറയുന്നുണ്ട്.
'മനുഷ്യരെല്ലാം' അയാളുടെ വളർച്ചകളെ അണ്ണാൻ കുഞ്ഞും തന്നാൽ ആയത് എന്ന രീതിയിൽ പല തരത്തിൽ പ്രതിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അയാൾ കരഞ്ഞു കൊണ്ട് മാധ്യമങ്ങളിൽ പല വട്ടം പ്രത്യക്ഷപ്പെട്ടിട്ടും അയാളെ വെളുപ്പിക്കാൻ പല മാധ്യമങ്ങളും ശ്രമിച്ചിട്ടും, അയാളുടെ സിനിമകൾക്ക് സകല പ്രമോഷനും അവർ നൽകിയിട്ടും അയാൾ അടപടലം പൊടിഞ്ഞു പോയതെന്നും ഹണി പറയുന്നു.
അയാൾക്ക് ചുറ്റും നിന്ന് ആർപ്പ് വിളിച്ച് ആഘോഷിക്കുന്നവ കെട്ട മനുഷ്യരെകൊണ്ടൊന്നും സത്യത്തെ കൊന്നു കളയാൻ സാധിക്കില്ല. എത്രയോ സ്ത്രീകൾക്ക് തുറന്നു പറച്ചിലുകളുടെ പ്രകാശം പകർന്ന് കൊടുത്ത പ്രകാശം പരത്തുന്ന പെൺകുട്ടീ, നീ വിജയിക്കുക തന്നെയാണ് "മനുഷ്യ മനസ്സുകളിൽ" ഇനിയും മുന്നോട്ടുള്ള പോരാട്ടങ്ങളിൽ. നിരുപാധികം നിനക്കൊപ്പം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.