നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കാന്‍ തനിക്കെതിരായി പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ദിലീപ്. അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അതിജീവിതയുമായി തനിക്ക് ഉണ്ടായിരുന്നത് നല്ല ബന്ധമെന്നും ദിലീപ്. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നും ദിലീപ്. ഉത്തരവ് പകർപ്പ് ലഭിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നും ദിലീപ് അറിയിച്ചു.
ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ആദ്യആറുപ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് എട്ടുവർഷവും എട്ടുമാസവും പിന്നിടുമ്പോഴാണ് നിർണായകമായ ഉത്തരവ് പുറത്തുവന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കമുള്ള ആദ്യ ആറു പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ക്രിമിനൽ ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും തെളിവില്ലാത്തതിനാൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരും കുറ്റവിമുക്തർ.