പി.ടി. തോമസ് കാണിച്ചൊരു ജാഗ്രതയാണ് ഈ കേസിനെ ഇവിടെയെത്തിച്ചതെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. ഏറെ വേദനയും ഞെട്ടലുമുണ്ടാക്കിയ കേസാണ് ഈ സംഭവമെന്നും ഒരു പെണ്‍കുട്ടിയെ അതിക്രൂരമായി ക്വട്ടേഷന്‍ നല്‍കി ഉപദ്രവിച്ച ഒരു സംഭവം ലോകത്തെവിടെയെങ്കിലും നടന്നിട്ടുണ്ടോയെന്നും ഉമ തോമസ് എംഎല്‍എ ചോദിക്കുന്നു. വിധിയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും പെണ്‍കുട്ടിക്ക് അനുകൂലമായി വരുമോയെന്ന കാര്യത്തില്‍ ഫിഫ്റ്റി ഫിഫ്റ്റി പ്രതീക്ഷയേ തനിക്കുള്ളൂവെന്നും ഉമ തോമസ്.
അന്നത്തെ ദിവസം ഓര്‍ക്കുകയാണെങ്കില്‍ ഒരു പിതാവിന്റെ വേദനയായിരുന്നു അദ്ദേഹത്തിനുണ്ടായത്, അന്ന് പി.ടി ഉറങ്ങിയിട്ടില്ല, ആ കുട്ടിക്ക് ധൈര്യം പകര്‍ന്നു, അദ്ദേഹത്തിന്റെ ഫോണില്‍ നിന്നുതന്നെ ഐജിയെ വിളിച്ചു, മൂന്നു ദിവസം മൊഴി നല്‍കാന്‍ പോയിരുന്നു, പല സമ്മര്‍ദ്ദങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ടായി, പക്ഷേ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
ഇത് നിയമസഭയല്ല പ്രസംഗിക്കാന്‍ എന്നുവരെ അദ്ദേഹത്തോട് ക്രോസ് വിസ്താരത്തിനിടെ പറഞ്ഞതും ഓര്‍ക്കുന്നു. പി.ടിയെ ഇല്ലാതാക്കാന്‍ വരെ പല നീക്കങ്ങള്‍ നടന്നു. കാര്‍ സര്‍വീസ് കഴിഞ്ഞയുടന്‍ പിറ്റേ ദിവസം യാത്ര ചെയ്യുമ്പോള്‍, ബൈപ്പാസിലേക്ക് കയറിയ സമയത്ത് ഒരു സംഭവമുണ്ടായിരുന്നു. ഒരു യാത്രക്കാരന്‍ കുട നിവര്‍ത്തി കാറിനു നേരെ നീട്ടി കാണിച്ചു, കാര്‍ പുളയുന്നുണ്ടെന്ന് പറഞ്ഞു, നോക്കിയപ്പോള്‍ കാറിന്റെ നാലു വീലിന്റേയും ബോള്‍ട്ട് ഇളക്കിയ നിലയിലായിരുന്നു.
അതിജീവിതയുമായി കഴിഞ്ഞ ദിവസവും സംസാരിച്ചിരുന്നു, ‘ചേച്ചീ എനിക്ക് വളരെ ടെന്‍ഷനുണ്ട്, അറിയില്ല എന്തു സംഭവിക്കുമെന്ന്, അനുകൂലമായി വരുമായിരിക്കുമല്ലേ എന്ന് നടിയും ആശങ്ക പങ്കുവെച്ചിരുന്നു. കുറ്റോരോപിതരില്‍ പ്രമുഖരൊക്കെ രക്ഷപ്പെട്ടു പോയേക്കാമെന്ന ആശങ്കയും തനിക്കുണ്ടെന്ന് ഉമ തോമസ് പറയുന്നു. ജുഡീഷ്യറിയെ വിശ്വാസമുണ്ട്, എങ്കിലും ടെന്‍ഷനുണ്ട്. കേസിന്റെ വിചാരണാവേളയിലൊക്കെ പലരും മൊഴി മാറ്റിയതും പ്രതിക്ക് പരോള്‍ കിട്ടിയതും പ്രതികൂലമായ കാര്യങ്ങളായിരുന്നു.
പ്രതി പരോളില്‍ ഇറങ്ങിയപ്പോഴും ആ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോയെന്നതായിരുന്നു തന്റെ ഭയമെന്നും എംഎല്‍എ പറയുന്നു.