അന്യ പുരുഷന്മാർക്കിടയിൽ പൊതുപ്രവർത്തനം നടത്താനും പാട്ടും ഡാൻസും ഫുട്ബോളും കലാപരിപാടികളും നടത്താനും സുന്നി പെൺകുട്ടികളെ കിട്ടില്ലെന്ന് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. പരിശുദ്ധ ഖുർആൻ നിർദ്ദേശിക്കുന്നതുപോലെ അവർ വീട്ടിലിരിക്കും. ആവശ്യത്തിനുമാത്രം പുറത്തുപോകുമെന്നും അബ്ദുൽ ഹമീദ് ഫൈസി പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ മകൾ മനോരമ ഹോർത്തൂസിൽ പറഞ്ഞ അഭിപ്രായത്തോടാണ് അബ്ദുൽ ഹമീദ് ഫൈസിയുടെ പ്രതികരണം.
കുട്ടിയുടെ പരാമര്‍ശം, പഠിപ്പിച്ച അധ്യാപകരുടെ കുഴപ്പമാണെന്നും ദീനി വിഷയങ്ങളിൽ കൂടുതൽ പഠിക്കണമെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു. മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നതിനെ അനുകൂലിച്ചാണ് മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് ഹോര്‍ത്തൂസില്‍ സംസാരിച്ചത്.
ഹജ്ജ് കർമത്തിലടക്കം സ്ത്രീകൾ പങ്കെടുക്കുമ്പോഴും പള്ളികളിൽ പ്രവേശനം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഫാത്തിമ നർഗീസ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുത് എന്ന നിബന്ധന ചിലർ ഉണ്ടാക്കിയതാണെന്നും അധികം വൈകാതെ ഇതിൽ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ മകളെ തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരുന്നു.