നടി ആക്രമണക്കേസില്‍ കുറ്റവിമുക്തനായതോടെ പുറത്താക്കപ്പെട്ട സിനിമ സംഘനകള്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ നടപടി തുടങ്ങി. തിരിച്ചെടുക്കുന്നത് തീരുമാനിക്കാന്‍ ഫെഫ്ക ഉടന്‍ യോഗം ചേരും. ദിലീപിനെ വെറുതെവിട്ടതില്‍ സന്തോഷമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചു. കോടതിയെ ബഹുമാനിക്കുന്നുവെന്നാണ് അമ്മ സംഘടനയുടെ ആദ്യ പ്രതികരണം.
ദിലീപ് അറസ്റ്റിലായപ്പോള്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ദിലീപിനെ പുറത്താക്കിയ സംഘടനയാണ് ഫെഫ്ക. അതിനാല്‍ ദിലീപ് കുറ്റവിമുക്തനാകുമ്പോഴും നടപടി വേഗത്തിലാക്കാനാണ് തീരുമാനം. കൂടിയാലോചനകള്‍ ഉടന്‍ തുടങ്ങും.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സന്തോഷത്തിലാണ്. സിനിമക്കാര്‍ ഉള്‍പ്പെെട ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പ്രതികരിച്ചു. പുറത്താക്കിയ സംഘടനകളില്‍ തിരിച്ചുകയറാന്‍ ദിലീപിന് അവകാശമുണ്ടെന്ന് തിയറ്റര്‍ ഉടമകളും പറഞ്ഞു.
നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും, കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് അമ്മ സംഘടനയുടെ ആദ്യ പ്രതികരണം. കൊച്ചിയില്‍ അമ്മ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നെങ്കിലും ദിലീപ് വിഷയത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ഭാരവാഹികള്‍ പ്രതികരിക്കാതെ മടങ്ങി.