നിറഞ്ഞ കോടതി മുറിയെ സാക്ഷിയാക്കിയാണ് നടിയെ ആക്രമിച്ച കേസിന്റെ ഉത്തരവ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ചത്. ദിലീപിനെ വെറുതെ വിട്ടെന്ന വിധി പറയുമ്പോൾ കോടതി മുറിക്കുള്ളിൽ നേരിയ ആരവമുയർന്നു. വിധിപ്രസ്താവം കേട്ട ദിലീപ് ആശ്വാസം നിറഞ്ഞ മുഖത്തോടെയായിരുന്നു കോടതി മുറിക്കുള്ളിൽ.
രാവിലെ ഒൻപതരയോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് കോടതിയിൽ എത്തുന്നത്. പത്തുമണിയോടെ സ്പെഷൽ പ്രോസിക്യൂട്ടർ വി. അജകുമാർ കോടതിയിലെത്തി. പത്തരയോടെ അഭിഭാഷകർക്കൊപ്പം ദിലീപും സുഹൃത്ത് ശരത്തും കോടതിയിലെത്തി. കോടതി മുറിയിലെ തിരക്ക് മൂലം ഇവർക്ക് അകത്ത് കടക്കാനായില്ല. തൊട്ടുപിന്നാലെ മറ്റ് പ്രതികളുമെത്തി. കൃത്യം പതിനൊന്നിന് തന്നെ കോടതി നടപടികൾ ആരംഭിച്ചു. കേസ് വിളിച്ചതോടെ പൾസർ സുനിയും, ദിലീപുമടക്കമുള്ള പ്രതികൾ പ്രതിക്കൂട്ടിൽ. പ്രതിക്കൂട്ടിലുള്ളവരെ കാണാൻ സാധിക്കാത്ത സാഹചര്യത്തിൽ ജഡ്ജിയുടെ ഇടപെടൽ. മുന്നിലുള്ള ആളുകളെ മാറ്റിയ ശേഷം വിധി പ്രസ്താവം തുടങ്ങി. ആദ്യ ആറുപ്രതികൾ കുറ്റക്കാരാണെന്ന് കോടതി. വിധി നിർവികാരനായി കേട്ടു നിന്ന് പൾസർ സുനിയും, കൂട്ടാളികളും. തുടർന്നങ്ങോട്ട് കോടതിയിൽ കനത്ത നിശബ്ദത. തെളിവുകൾ ഇല്ലാത്തതിനാൽ ദിലീപിനെ കുറ്റവിമുക്തനാകുന്നുവെന്ന വിധി കേട്ട് കോടതിമുറിക്കുള്ളിൽ നേരിയ ആരവം. ആശ്വാസം നിറഞ്ഞ മുഖത്തോടെയാണ് ദിലീപ് വിധി കേട്ടത്. കോടതി മുറിക്കുള്ളിൽ കൂടിനിന്ന ഭൂരിഭാഗം പേർക്കും കേസിന്റെ വിധി അവിടെ തീർന്നിരുന്നു. വിധിപ്രസ്താവം പൂർത്തിയായതോടെ അഭിഭാഷകരും കൂടെ ഉണ്ടായിരുന്നവരും ദിലീപിനടുത്തേക്ക്. സന്തോഷം നിറഞ്ഞ മുഖത്തോടെ ദിലീപ് പുറത്തിറങ്ങുമ്പോഴേക്കും കോടതിക്ക് പുറത്ത് ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.