നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ഗായിക ചിന്മയി ശ്രീപദ. 'ഇവിടെയാണ് കേരളം റോക്ക് സ്റ്റാർ ആകുന്നത്, എപ്പോഴും അങ്ങനെ തന്നെയായിരിക്കും' എന്നാണ് ചിന്മയി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചത്. 'ബലാത്സംഗക്കാരെ വേദിയിലിരുത്തി അവരോടൊപ്പം നൃത്തം ചെയ്യുകയോ ജന്മദിനങ്ങൾ ആഘോഷിക്കുകയോ ജാമ്യത്തിൽ വിടുകയോ ചെയ്തില്ലെ'ന്നും ചിന്മയി പോസ്റ്റിൽ പറയുന്നു.

വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന മാധ്യമപ്രവർത്തകന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം. കേസിലെ വിധിയിൽ 'വൗ. ജസ്റ്റ് വൗ' എന്നും ചിന്മയി കുറിച്ചിരുന്നു. വിധി വരുന്നതിന് മുൻപ് 'വിധി എന്തായാലും അതിജീവിതയ്‌ക്കൊപ്പം' എന്നും അവര്‍ പ്രതികരിച്ചിരുന്നു.

'ഇന്നത്തെ വിധി എന്തായാലും ഞാൻ അതിജീവിച്ചയാളോടൊപ്പം നിൽക്കുന്നു. എപ്പോഴും. പെൺകുട്ടി, നീ ഒരു ഹീറോയാണ്, നീ എന്നും ഒരു ഹീറോയാണ്. നിനക്കു വേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയിൽ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ മൊഴി മാറ്റുകയും ചെയ്ത എല്ലാവർക്കും, സ്ത്രീകൾ ഉൾപ്പെടെ - അർഹമായത് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്.

സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുമായി സംസാരിച്ച് അപ്പീല്‍ പോകാന്‍ തീരുമാനിച്ചതായി മന്ത്രി പി.രാജീവും അറിയിച്ചിരുന്നു. അന്തിമ വിധിവരെ അതിജീവിതയ്ക്കൊപ്പമെന്നായിരുന്നു കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി.സന്ധ്യയുടെ പ്രതികരണം.

ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയത്. അതേസമയം ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ബലാല്‍സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞ് പള്‍സര്‍ സുനിയും സംഘവം അക്രമിക്കുകയും ഇതിന്‍റെ വിഡിയോദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Actress assault case is receiving strong support from various corners. Singer Chinmayi Sripada has praised the Kerala government's decision to appeal against the trial court verdict in the actress assault case.