തിരുവനന്തപുരം പയറ്റുവിളയെ ദുഖത്തിലാഴ്ത്തി ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ജീവിതത്തിൽ എപ്പോഴും ഒന്നിച്ചുണ്ടായിരുന്ന പയറ്റുവിള സ്വദേശികളായ രഞ്ജിത്തും (24) രമ്യ(22)യുമാണ് മരിച്ചത്. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങി.

പയറ്റുവിള കൊല്ലംകോണം വിജയകുമാറിന്റെയും റീഷയുടേയും മക്കളാണ്. ഇരുവരും ഒരുമിച്ചാണ് എല്ലാദിവസവും ജോലിക്ക് പോയിരുന്നത്. രഞ്ജിത്തിന്റെ ബൈക്കിലായിരുന്നു യാത്ര. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മാര്‍ത്താണ്ഡം പാലത്തില്‍ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു. രഞ്ജിത് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രമ്യയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മാതാപിതാക്കളും 2 മക്കളും ചേർന്ന ചെറിയ കുടുംബമായിരുന്നു ഇവരുടേത്. പിതാവ് വിജയകുമാര്‍ കല്‍പണിക്കാരനാണ്. മാതാവ് റീഷ കോട്ടുകാൽ ഹരിതസേനാംഗവും. മാര്‍ത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന്‍ ആയിരുന്നു രമ്യ. മാര്‍ത്താണ്ഡത്ത് തന്നെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി നോക്കുകയായിരുന്നു രഞ്ജിത്ത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് നാട്ടുകാര്‍ക്കും. വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും വിജയകുമാറിനും റീഷയ്ക്കുമൊപ്പം മക്കളുമുണ്ടാകും. കഷ്ടപ്പെട്ടാണ് വിജയകുമാർ മക്കളെ പഠിപ്പിച്ചത്. ഇരുവര്‍ക്കും ജോലി ലഭിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു കുടുംബത്തിലാകെ. വീടു പണിതതും ഇവർ നാലുപേരുടെയും അധ്വാനത്താലായിരുന്നു. വീട്ടില്‍ മാത്രമല്ല നാട്ടിലും എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു ഇരുവരും.

രണ്ടു മക്കളുടെയും മരണവിവരം അറിഞ്ഞ് തക‍ര്‍ന്നുപോയ വിജയകുമാറിനെയും റീഷയെയും എങ്ങിനെ ആശ്വസിപ്പിക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഇരുവരുടേയും മൃതദേഹങ്ങൾ കോട്ടുകാൽ സിഎസ്ഐ ചർച്ചിലെ പൊതു ദർശനത്തിനു ശേഷം വീട്ടുവളപ്പിൽ‌ സംസ്കരിച്ചു. അപകടത്തില്‍ കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

ENGLISH SUMMARY:

Ranjith (24) and his sister Ramya (22), residents of Payattuvila, Thiruvananthapuram, died in a tragic bike accident on the Marthandam bridge. The siblings, who traveled together daily for work, were hit by a speeding car that lost control. The bike fell 30 feet from the bridge, leading to Ranjith's spot death. Ramya, an anesthesia technician at a private hospital, succumbed to her injuries later. The death of both children has plunged their small, close-knit family and the entire Payattuvila village into deep sorrow. The accident highlights the dangers of speeding, and police have registered a case.