ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെയാണ് പൊലീസിന്റെ നടപടി. ഇതേത്തുടർന്ന്, രാഹുലിനെ കണ്ടെത്താനായി ദിവസങ്ങളായി ബെംഗളൂരുവിൽ തമ്പടിച്ചിരുന്ന അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി.
ബലാത്സംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പൊലീസിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ, തിരച്ചിലുമായി മുന്നോട്ടുപോകുന്നതിൽ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതോടെയാണ് ബെംഗളൂരുവിലെ തിരച്ചിൽ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്.
കഴിഞ്ഞ പത്ത് ദിവസമായി രാഹുൽ മാങ്കൂട്ടത്തിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണ സംഘത്തെ കബളിപ്പിച്ച് രാഹുൽ തുടർച്ചയായി ഒളിത്താവളങ്ങൾ മാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിലെ അതിസമ്പന്നരും രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തികളുടെ ഫാം ഹൗസുകളിലാണ് രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു അഭിഭാഷകയാണ് രാഹുലിന് ഈ ഒളിസങ്കേതങ്ങൾ ഒരുക്കി നൽകിയതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
വലിയ എസ്റ്റേറ്റുകൾക്ക് സമാനമായ ഈ ഫാം ഹൗസുകളിൽ കയറി പരിശോധന നടത്തുന്നത് കേരള പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇത്തരം കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ രാഹുലിന് സഹായകമായി. അന്വേഷണ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നുപോയോ എന്ന സംശയവും ബലപ്പെട്ടിരുന്നു.
അതേസമയം, 23-കാരിയായ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന രണ്ടാം കേസിൽ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഈ കേസിന്റെ വിശദമായ വാദം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ, രണ്ടാമത്തെ കേസിലെ കോടതി നിലപാട് അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. ഇതുപ്രകാരം, രണ്ടാം കേസിൽ അറസ്റ്റ് സാധ്യത നിലനിൽക്കുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരാനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു.