രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതത്തെ അപമാനിച്ച കേസില്‍ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രണ്ടാമത്തെ ജാമ്യാപേക്ഷയും തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി തള്ളി. കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് രാഹുല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിച്ചില്ല. രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് മറ്റന്നാള്‍ പരിഗണിക്കും.
രണ്ടാമത്തെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ജാമ്യം ലഭിക്കാനായി ഫെയ്സ്ബുക്കില്‍ അതിജീവിതയെ പറ്റിയിട്ട പോസ്റ്റുകള്‍ പിന്‍വലിക്കാം എന്നാണ് രാഹുല്‍ ഈശ്വറിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. രാഹുലിന്‍റെ നടപടികള്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് കോടതി വിലയിരുത്തിയത്. രാഹുലിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്‍റെ അപേക്ഷ.
കസ്റ്റഡിയില്‍ ലഭിച്ചിട്ടും രാഹുല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയെ ധരിപ്പിച്ചത്. ഇനിയും നിരവധി തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. നേരത്തെ കസ്റ്റഡിയില്‍ ലഭിച്ചപ്പോള്‍ രാഹുല്‍ ഈശര്‍ മെന്‍സ് കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് നിരാഹാരത്തിലായിരുന്നു. കൂടുതല്‍ സമയവും ആശുപത്രിയിലായതിനാല്‍ വേണ്ട രീതിയില്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നതിനിടെ അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയിലെ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയ ശേഷമാണ് ജാമ്യത്തിനായി അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതെന്ന് രാഹുലിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.