കേരളത്തിലെ പോലെ വ്യാപകവും  "കളർഫുളും" ആയിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ലോകത്തൊരിടത്തും കണ്ടിട്ടില്ലെന്ന് മുരളി തുമ്മാരുകുടി. മുംബൈയിലും നാഗ്പൂരും കാൺപൂരും ഒക്കെ തിരഞ്ഞെടുപ്പ് കാലത്ത്  ഒരു ഒച്ചയും അനക്കവുമില്ല. ഡൽഹിയിൽ നിന്നും വമ്പൻ നേതാക്കന്മാർ വരുമ്പോൾ വലിയൊരു റാലി ഒക്കെ നടക്കും, അതിനോട് ചേർന്ന് ഒരു ഓളം ഒക്കെ ഉണ്ടാകും. പക്ഷെ കേരളത്തിൽ കാണുന്നത് പോലെ വീട് വീടാന്തരം ഉള്ള പ്രചാരണം, ഓരോ മുക്കിലും മൂലയിലും ഉള്ള പരസ്യങ്ങൾ, വാർഡ് തോറും മീറ്റിംഗുകൾ, ചുമരെഴുത്തുകൾ, പോസ്റ്ററുകൾ ഇവയൊന്നും അവിടെ കാണാറില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിന് ശേഷം ഞാൻ കേരളത്തിലെ എല്ലാ പ്രളയബാധിത പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. മനോരമ ഓണ്‍ലൈന്‍, മനോരമ ദിനപത്രമാണ് ആ സന്ദർശനങ്ങൾക്ക് സൗകര്യമൊരുക്കിയത്. ആർകിടെക്ട് പദ്മശ്രീ ശങ്കറും കൂടെ ഉണ്ടായിരുന്നു.  ഉണ്ടായിരുന്നു. സന്തോഷ് ജോൺ തൂവൽ ആയിരുന്നു മനോരമയിൽ നിന്നും ഞങ്ങളുടെ കൂടെ എല്ലാ സമയത്തും ഉണ്ടായിരുന്നത്. 

ഏറെ കാര്യങ്ങൾ കണ്ടു, ശ്രദ്ധിച്ചു. പ്രളയത്തിന്റെ വ്യാപ്തി, കേരളം അത് കൈകാര്യം ചെയ്ത രീതി, കേരളത്തിലെ പൊതുസമൂഹം പുനരധിവാസത്തിന് നൽകുന്ന സഹായങ്ങൾ ഇവയൊക്കെ നേരിട്ട് കണ്ടു.

മനോരമ എന്ന യന്ത്രം എത്ര കാര്യക്ഷമതയോടെയാണ് പ്രവർത്തിക്കുന്നത് എന്ന് നേരിട്ട് മനസ്സിലാക്കി. പക്ഷെ എന്നെ ഏറ്റവും അതിശയിപ്പിച്ചത് ദുരന്ത നിവാരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങളുടെ സാന്നിധ്യവും പ്രവർത്തനവുമായിരുന്നു.ഞങ്ങൾ പോയ എല്ലാ വാർഡുകളിലും അവിടുത്തെ ജനപ്രതിനിധി ഉണ്ടായിരുന്നു. രാവിലെ ആറു മണിക്കാകട്ടെ, രാത്രി എട്ടിനാകട്ടെ, അവർ അവിടെ ഉണ്ട്.

മിക്കവരും ദിവസങ്ങളായി മുന്നണിയിൽ പ്രവർത്തനമാണ്. 

ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നത് മുതൽ ചത്തുകിടക്കുന്ന കന്നുകാലികളെ കൈകാര്യം ചെയ്യുന്നത് വരെയുള്ള എത്രയോ വിഷയങ്ങൾ. അതിൽ ഓരോന്നിലും ഇടപെടുന്നു. ഇതിൽ കക്ഷി വ്യത്യാസങ്ങൾ ഇല്ല. ഭരണ പ്രതിപക്ഷ ഭേദമില്ല. കേരളത്തിലെ  ജനാധിപത്യത്തെ പറ്റിയും ജനപ്രതിനിധികളെപ്പറ്റിയും വീണ്ടും അഭിമാനം തോന്നിയ സമയമായിരുന്നു അത്.

കേരളം വീണ്ടും ഒരിക്കൽ കൂടി തിരഞ്ഞെടുപ്പ് രംഗത്താണ്. ലോകത്ത് അനവധി ജനാധിപത്യ രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ അനവധി സംസ്ഥാനങ്ങളിലും ജീവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലം കണ്ടറിഞ്ഞിട്ടുണ്ട്.

പക്ഷെ കേരളത്തിലെ പോലെ വ്യാപകവും  "കളർഫുളും" ആയിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ലോകത്തൊരിടത്തും കണ്ടിട്ടില്ല. 

ജനാധിപത്യത്തിലെ ഉത്സവമാണ് തിരഞ്ഞെടുപ്പുകൾ. കേരളത്തിലെ തിരഞ്ഞെടുപ്പ് ഉത്സവങ്ങൾ ക്രമാനുഗതമായി കൂടുതൽ സമാധാനപരമായി മാറുകയാണ്. സാമ്പത്തികമായി നമ്മൾ ഉപരി മധ്യവർഗ്ഗത്തിലേക്ക് മാറുന്നത് ഇതിനൊരു പ്രധാന കാരണമാണ്. രാഷ്ട്രീയത്തിന് വേണ്ടി അടിച്ചു മരിച്ചാൽ നഷ്ടപ്പെടാൻ എല്ലാവർക്കും എന്തെങ്കിലും ഒക്കെ ഇപ്പോൾ ഉണ്ട്.

തിരഞ്ഞെടുപ്പുകളിൽ ഏറ്റവും പ്രധാനമാകേണ്ടതാണ് നമ്മുടെ ലോക്കൽ ബോഡിയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ, കാരണം നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മിക്കവാറും കാര്യങ്ങൾ ഒക്കെ നമ്മുടെ വീടിന് ചുറ്റുമാണ് നടക്കുന്നത്. ക്രമസമാധാനം, ശുദ്ധജലം, മാലിന്യ സംസ്കരണം, റോഡുകൾ, ദുരന്ത ലഘൂകരണം, സ്‌കൂളുകൾ, ആശുപത്രി എന്നിങ്ങനെ പലതും. നമുക്ക് എത്ര പണം ഉണ്ടെങ്കിലും നമ്മൾ ജീവിക്കുന്ന നഗരത്തിൽ സുരക്ഷ ഇല്ലെങ്കിൽ, നമ്മുടെ നഗരം മലിനമാണെങ്കിൽ, വായു ശുദ്ധമല്ലെങ്കിൽ പിന്നെ എന്തുകാര്യം ?

ഇക്കാര്യത്തിൽ ഒക്കെ ഇടപെടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കണം. ന്യൂ യോർക്കിലെ പോലീസ് കമ്മീഷണറെ നിയമിക്കുന്നത് അവിടുത്തെ മേയറാണ്. പക്ഷെ നമ്മുടെ പോലീസ് സംവിധാനത്തിൽ മേയർക്ക് അത്തരം അധികാരങ്ങൾ ഒന്നുമില്ല.  നമ്മൾ അധികാര വികേന്ദ്രീകരണം ഒക്കെ നടത്തിയിട്ട് കാൽ നൂറ്റാണ്ട് ആയിട്ടുണ്ടെങ്കിലും താഴെത്തട്ടിൽ ഇപ്പോഴും വേണ്ടത്ര അധികാരങ്ങൾ എത്തിയിട്ടില്ല. അത് മാറണം. ഒരു നഗരത്തിന്റെ ഭരണത്തിൽ പ്രാധാന്യമായുള്ള കാര്യങ്ങളിൽ എല്ലാം മേയർ/മുനിസിപ്പൽ ചെയർ പേഴ്സൺ ആകണം അവസാനത്തെ വാക്ക്. അതിനുള്ള അധികാരവും വിഭവങ്ങളും നിയമനിർമ്മാണ സ്വാതന്ത്ര്യവും അവർക്ക് നൽകണം. അപ്പോഴാണ് നഗരങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുന്നതും നഗരങ്ങൾ പുരോഗമിക്കുന്നതും. 

എന്റെ കുറച്ചു ബന്ധുക്കളും അനവധി സുഹൃത്തുക്കളും ഡസൻ കണക്കിന് ഫേസ്ബുക്ക് സുഹൃത്തുക്കളും ഫോളോവേഴ്സും ഒക്കെ സ്ഥാനാർത്ഥികൾ ആയി ഉണ്ട്. അവർ രാഷ്ട്രീയത്തിലെ എല്ലാ കക്ഷികളിൽ നിന്നും ഉണ്ട്. അവർക്കൊക്കെ കക്ഷിഭേദമന്യേ എന്റെ വിജയാശംസകൾ ഉണ്ട്. ജനാധിപത്യം വിജയിക്കട്ടെയെന്നും, കൂടുതൽ അധികാരങ്ങൾ താഴേക്ക് എത്തട്ടെയെന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Kerala Elections are vibrant and colorful, unlike anywhere else in the world, highlighting the unique democratic process. The article emphasizes the importance of local body elections and the need for greater decentralization of power to improve local governance and address critical issues at the grassroots level.